ഇരയുടെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകകുറ്റത്തിന് ശിക്ഷിക്കാം : സുപ്രീംകോടതി
ന്യൂഡൽഹി: ഇരയുടെ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും ഒരു പ്രതിയെ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി. മൃതദേഹം കണ്ടെടുക്കാത്തത്കൊണ്ട് മാത്രം കുറ്റം ഇല്ലാതാവില്ലെന്നും ഇത് തെളിയിക്കാനാണ് നിയമം ആവശ്യപ്പെടുന്നത് അല്ലാതെ മൃതദേഹം ഹാജരാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് തെളിവുകൾ നശിപ്പിക്കാനും കൊലയാളികൾക്ക് നിയമത്തിൽ നിന്ന് രക്ഷപ്പെടാനും അവസരമൊരുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പത്തുവയസ്സുകാരിയായ ദത്തുമകളെ കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിയായ പ്രതിയുടെ ജീവപര്യന്തം തടവ് ശരിവെച്ചതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ തള്ളിയെന്നായിരുന്നു സാക്ഷി മൊഴി എന്നാൽ അത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ട്രയൽ കോടതിയുടെയും ഗുവഹാത്തി ഹൈക്കോടതിയുടെയും വിധികൾ ശരിവെച്ചുകൊണ്ട്, മൃതദേഹം കണ്ടെത്തിയില്ലെങ്കിലും വിശ്വാസയോഗ്യമായ തെളിവുകളിലൂടെ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞുവെന്ന് സുപ്രീം കോടതി വിലയിരുത്തി. "കൊല ചെയ്യപ്പെട്ട വ്യക്തിയുടെ മൃതദേഹം കണ്ടെടുത്തില്ലെങ്കിലും മറ്റൊരാളെ കൊലപ്പെടുത്തിയതിന് ഒരാളെ ശിക്ഷിക്കാൻ കഴിയും എന്ന് കോടതി വ്യക്തമാക്കി. 'കോർപ്പസ് ഡെലിക്റ്റി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റം നടന്നിട്ടുണ്ട് എന്നാണ് അല്ലാതെ കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം കണ്ടെടുക്കണം എന്നതല്ലെന്നും കോടതി വിശദീകരിച്ചു.
2015ലെ കേസിൽ ദേബോജിത് പണിക്ക നൽകിയ അപ്പീലിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. അമ്മ ചികിത്സയ്ക്കായി പോയ സമയം കുട്ടി പ്രതിയുടെ സംരക്ഷണയിലായിരുന്നുവെന്നും പിന്നീട് അവളെ കാണാതാവുകയായിരുന്നുവെന്നുമാണ് കേസ്.
പൈസ മോഷ്ടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ പെൺകുട്ടി തീപ്പൊള്ളലേറ്റ് മരിച്ചുവെന്നും മൃതദേഹം ചാക്കിൽ കെട്ടി തീയോക് പുഴയിലേക്ക് കൊണ്ടുപോകാൻ പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും സാക്ഷിമൊഴിയുണ്ട്. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്താനായില്ല.
മൃതദേഹം കണ്ടെടുക്കാത്ത പക്ഷം കേസ് ദുർബലമാണെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയ സുപ്രീം കോടതി കേസ് 'കോർപ്പസ് ഡെലിക്റ്റി' തത്വത്തിന് കീഴിൽ വരുമെന്നും പറഞ്ഞു. ഈ സിദ്ധാന്തത്തിന് രണ്ട് വശങ്ങളുണ്ട്, ഒന്ന് മരണം സംഭവിച്ചുവെന്ന് തെളിയിക്കുക, രണ്ട് ആ മരണം മറ്റൊരാളുടെ പ്രവൃത്തി മൂലമാണെന്ന് തെളിയിക്കുക. ഒന്ന് നേരിട്ട് തെളിയിക്കാമെങ്കിൽ, മറ്റൊന്ന് സാഹചര്യത്തെളിവുകൾ വഴി തെളിയിക്കാവുന്നതാണ്.
പ്രതിയുമായി സാക്ഷിക്ക് ശത്രുതയുണ്ടായിരുന്നിട്ടും മൊഴി വിശ്വാസയോഗ്യമായെടുക്കാമെന്ന് കോടതി കണ്ടെത്തി. അതേ സമയം ഈ വിരോധം വെച്ച് താൻ കൊലപാതകം നേരിട്ടു കണ്ടുവെന്ന് കള്ളം പറയാതിരുന്നത് സാക്ഷിയുടെ വിശ്വാസ്യത വർധിപ്പിക്കുകയേ ഉള്ളൂ എന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിയെ കാണാതായി 22 ദിവസം കഴിഞ്ഞിട്ടും വ്യക്തമായ വിശദീകരണം നൽകാൻ പ്രതിക്ക് കഴിഞ്ഞില്ല എന്നതും കേസിൽ നിർണായകമായി.
.jpg)

