സൗജന്യം നല്‍കിയാല്‍ ദാരിദ്ര്യം മാറില്ല, പകരം തൊഴിലവസരം സൃഷ്ടിക്കൂ- നാരായണ മൂര്‍ത്തി


സൗജന്യങ്ങള്‍ നല്‍കി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്.
മുംബൈ: രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതിന് ജനങ്ങള്‍ക്ക് സൗജന്യം നല്‍കുന്നതിന് പകരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി. മുംബൈയില്‍ വ്യവസായികളുടെ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ വ്യവസായികള്‍ക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാനായാല്‍ പ്രഭാതത്തിലെ മഞ്ഞ് പോലെ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സൗജന്യങ്ങള്‍ നല്‍കി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്.
തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള്‍ ദാരിദ്ര്യത്തെ മറികടക്കുന്നത്. ലോകത്തെവിടെയും ജനങ്ങള്‍ക്ക് എല്ലാം സൗജന്യമായി നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി രാഷ്ട്രിയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് പലതും സൗജന്യമായി നല്‍കാറുണ്ട്. ഇതിനെതിരേയാണ് നാരായണ മൂര്‍ത്തി നിലപാട് സ്വീകരിച്ചിരിക്കുന്നത്.