സൗരവ് ദാസിനെതിരെ മുംബൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്; പൗരത്വത്തിലും സംശയമുണ്ടെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ കൺവീനർ സൗരവ് ദാസിനെതിരെ മുംബൈ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ലണ്ടൻ യാത്ര തടഞ്ഞതിനെതിരെ സൗരവ് ദാസ് സമർപ്പിച്ച ഹർജി ജസ്റ്റിസ് അമിത് മഹാജൻ പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 22-നും 23-നും ഇടയിലുള്ള രാത്രിയിലാണ് മഹാരാഷ്ട്ര പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയെ അറിയിച്ചു.
സൗരവ് ദാസിന്റെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് ഒന്നിലധികം പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇത് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വത്തെ പോലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന വിഷയമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് നവംബർ 23-ന് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെന്നും, മറുപടി നൽകുന്നത് വരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ഓക്സ്ഫഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാൻ എത്തിയപ്പോഴാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ സൗരവ് ദാസിനെ തടഞ്ഞത്. എന്നാൽ തന്നെ തടഞ്ഞ സമയത്ത് ലുക്ക്ഔട്ട് നോട്ടീസിനെക്കുറിച്ചോ യാത്ര വിലക്കിയ കാരണത്തെക്കുറിച്ചോ അധികൃതർ യാതൊരു രേഖാമൂലമുള്ള അറിയിപ്പും നൽകിയിരുന്നില്ലെന്ന് സൗരവ് ദാസിന്റെ അഭിഭാഷകൻ അഖിൽ സിബൽ കോടതിയിൽ വാദിച്ചു.
വിദേശ സർവകലാശാലകളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നത് തടയാനാണ് സർക്കാർ തന്നെ തടഞ്ഞതെന്ന് സൗരവ് ദാസ് തന്റെ സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയ ഡൽഹി ഹൈക്കോടതി ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 9-ലേക്ക് മാറ്റി.
.jpg)

