മുംബൈയിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു മുംബൈയിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു
മുംബൈ: ഖാറിൽ ഓട്ടോയ്ക്കു മുകളിൽ മരം വീണ് 14 വയസുകാരി മരിച്ചു. സാന്താക്രൂസ് സ്വദേശിനി ആരില ശ്രീവാസ്തവയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.ആരില, സഹോദരി മനസ്വി, സുഹൃത്ത് ഹർഷിത കുമാർ എന്നിവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മരം വീണത്. മനസ്വിയും ഓട്ടോ ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആരിലയ്ക്കും ഹർഷിതയ്ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ച ആരില മരണത്തിന് കീഴടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹർഷിത ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആരിലയുടെ മരണത്തെ തുടർന്ന് സംഭവസ്ഥലത്തെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കന്പനിക്കെതിരെ പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. മരം വേരോടെ പിഴുതുവീണാണ് അപകടമുണ്ടായത്. പുറമേക്ക് കേടുപാടുകൾ ഒന്നും കാണാനില്ലായിരുന്നെങ്കിലും മരത്തിന്റെ ഉള്ളിൽ ചിതൽ അരിച്ചതിനെ തുടർന്ന് ദ്രവിച്ച അവസ്ഥയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
.jpg)

