മുകേഷ് അംബാനിക്കെതിരെ 501 രൂപയുടെ ക്രിമിനല്‍ കേസ്, ഒടുവില്‍ പരാതിക്കാരന് 1000 രൂപ പിഴയിട്ട് കോടതി

Ambani

ഒടുവില്‍ പരാതിക്കാരന് 1000 രൂപ പിഴയിട്ട് കേസ് തള്ളിയിരിക്കുകയാണ് ഒഡിഷ ഹൈക്കോടതി.

 ലഭിച്ച ഫോണ്‍ തകരാറുള്ളതും കമ്പനിയുടെ സര്‍വീസ് വളരെ മോശവുമാണെന്ന് ചൂണ്ടിക്കാട്ടി അംബാനിക്കെതിരായ 501 രൂപയുടെ ക്രിമിനല്‍ കേസ് കോടതിയില്‍ നീണ്ടുനിന്നത് 21വര്‍ഷം .ഒഡിഷക്കാരനായ പ്രഫുല്‍ കുമാര്‍ മിശ്ര എന്നയാളാണ് അംബാനിക്കെതിരെ കേസ് നല്‍കിയത്. ഒടുവില്‍ പരാതിക്കാരന് 1000 രൂപ പിഴയിട്ട് കേസ് തള്ളിയിരിക്കുകയാണ് ഒഡിഷ ഹൈക്കോടതി.

2003ല്‍ പരാതിക്കാരനായ പ്രഫുല്‍ കുമാര്‍ റിലയന്‍സ് ഇന്‍ഫോകോമിന്റെ 501 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി. തനിക്ക് ലഭിച്ച ഫോണ്‍ തകരാറുള്ളതും കമ്പനിയുടെ സര്‍വീസ് വളരെ മോശവുമാണെന്ന് ചൂണ്ടിക്കാട്ടി പ്രഫുല്‍ കുമാര്‍ പരാതി നല്‍കി. റിലയന്‍സ് ഇന്‍ഫോകോമിനെതിരെ മാത്രമല്ല, അതിന്റെ മേധാവിയായ മുകേഷ് അംബാനിക്കെതിരെയും പരാതി നല്‍കി.

വര്‍ഷങ്ങള്‍ക്കിടെ നിരവധി കേസുകളാണ് തന്റെ ഫോണ്‍ തകരാറായത് ചൂണ്ടിക്കാട്ടി ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. 2003ലും 2004ലും പരാതി കോടതി തള്ളി. പരാതിക്കാരന്‍ പിന്നാലെ പോയെങ്കിലും 2007ല്‍ സുപ്രിം കോടതിയും കീഴ്‌ക്കോടതി വിധി ശരിവെച്ചു. എന്നിട്ടും അടങ്ങാത്ത പ്രഫുല്‍ കുമാര്‍ പുതിയ പരാതികള്‍ നല്‍കിക്കൊണ്ടിരുന്നു.

കഴിഞ്ഞയാഴ്ച ഒഡിഷ ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് കെ. പാണിഗ്രാഹി, പ്രഫുല്‍ കുമാര്‍ നിരന്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു ചെറിയ കാരണം ചൂണ്ടിക്കാട്ടി 20 വര്‍ഷത്തിന് ശേഷവും കേസുകള്‍ ഫയല്‍ ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോണിന്റെ തകരാറിന് കമ്പനിയുടെ ഉന്നത മേധാവികളെ ഉത്തരവാദികളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സമന്‍സ് അയച്ച കീഴ്‌ക്കോടതി വിധിയെയും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം കേസുകള്‍ നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന് കോടതി 1000 രൂപ പിഴയീടാക്കുകയായിരുന്നു. പിഴ ജുവനൈല്‍ ജസ്റ്റിസ് ഫണ്ടില്‍ നിക്ഷേപിക്കണം. ഇതോടെയാണ് മുകേഷ് അംബാനിക്കെതിരെ 20ലേറെ വര്‍ഷം നീണ്ടുനിന്ന കോടതി നടപടികള്‍ക്ക് അവസാനമായത്.

Tags