കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി ,ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം :എം പി എ എ റഹീം
ന്യൂഡൽഹി: കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് രാജ്യസഭാ എം പി എ എ റഹീം പരിഹസിച്ചു.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടുകളെ റഹീം രൂക്ഷമായി വിമർശിച്ചു.അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ ആൾ എങ്ങനെ മുഖ്യമന്ത്രിയായി എന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന് കെസി വേണുഗോപാൽ ചോദിച്ചത് ചൂണ്ടിക്കാട്ടിയാണ് റഹീം കെ സിക്കെതിരെ ചോദ്യം ഉയർത്തിയത്. ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണെന്നും കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ അദാനിക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് കെ സി വേണുഗോപാൽ ചോദിച്ചതെന്നും റഹീം പറഞ്ഞു. കെ സിയുടെ പ്രതികരണത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ വിഡി സതീശൻ നടത്തിയ മംഗലാപുരം യാത്രയെ കുറിച്ച് വ്യക്തമാക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
'കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കാണുന്നത് കോൺഗ്രസ് അധ്യക്ഷനെയാണ് എന്നാൽ സതീശൻ ആദ്യം കണ്ടത് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെയാണ്. കേരള സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസ് മനം അറിഞ്ഞില്ലെങ്കിലും മാരാർജി ഭവന്റെ മനം അറിഞ്ഞു. കേരളത്തിന് ലഭിക്കേണ്ടേ വരുമാനം സംബന്ധിച്ച് ആശങ്കയുണ്ട്. മംഗലാപുരം യാത്രയുടെയും അവിടുത്തെ കുടിക്കാഴ്ചയുടെയും തുടർച്ചയാണോ ഇപ്പോൾ നടക്കുന്ന ഡീൽ;' റഹീം ചോദിച്ചു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) 49 ശതമാനം ഓഹരികൾ എംഎസ്‌സിക്ക് കൈമാറുന്നുവെന്നായിരുന്നു വാർത്തകൾ. എംഎസ്‌സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുൻഡി ലിമിറ്റഡ്' ഓഹരികൾ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോർട്ടുകൾ.
.jpg)

