വിദ്യാർഥിനിയായ മകളെ ശ്വാസംമുട്ടിച്ച്‌ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

MUR

കുറച്ചുകാലമായി സുവർണ വിഷാദത്തിലായിരുന്നുവെന്ന് ചന്ദ്രശേഖർ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്.

ബെംഗളൂരു. മകളെ ശ്വാസംമുട്ടിച്ച്‌ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു.വീട്ടമ്മയെയും ഏഴാംക്ലാസ് വിദ്യാർഥിനിയായ മകളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന ചന്ദ്രശേഖറിന്റെ ഭാര്യ സുവർണ ചന്ദ്രശേഖറും(45) മകള്‍ താരുണ്യ ചന്ദ്രശേഖറും(13) ആണ് മരിച്ചത്.മകളെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം സുവർണ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് രണ്ടുപേരെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കമ്പ്യൂട്ടർ ഓപ്പറേറ്ററായ ചന്ദ്രശേഖർ രാവിലെ ജോലിക്കുപോയിരുന്നു. തുടർന്ന് ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

ഇതോടെ ചന്ദ്രശേഖർ തന്റെ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടർന്ന് ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് സുവർണയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മകളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു. ഉടൻതന്നെ ഇദ്ദേഹം പോലീസിനെ വിവരമറിയിച്ചു.

 അതേസമയം, കുറച്ചുകാലമായി സുവർണ വിഷാദത്തിലായിരുന്നുവെന്ന് ചന്ദ്രശേഖർ പോലീസിന് നല്‍കിയ മൊഴിയിലുണ്ട്. താൻ മരിച്ചാല്‍ മകളെ ആരുനോക്കുമെന്ന് സുവർണ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. തന്റെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ആലോചിച്ചും ഭാര്യ വേവലാതിപ്പെട്ടിരുന്നതായും ചന്ദ്രശേഖർ പറഞ്ഞു.

 

Tags