വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു

ബംഗളൂരു: വഴിയരികില്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി 23കാരിയായ അമ്മയ്ക്കും ഒന്‍പത് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. ബംഗളൂരുവിലെ ഹോപ്പ് ഫാം സിഗ്നലിലെ ഫുട്പാത്തിലൂടെ നടന്നുപോകവേ, പൊട്ടിവീണ 11 കെവി ലൈനില്‍ സൗന്ദര്യ അറിയാതെ ചവിട്ടുകയായിരുന്നു. കൈക്കുഞ്ഞായ മകള്‍ ലീലയും സൗന്ദര്യയ്ക്കൊപ്പമുണ്ടായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
കർണാടക ഊർജ മന്ത്രി കെ ജെ ജോർജ് വൈകാതെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിട്ടു. വൈദ്യുതി വിതരണ വകുപ്പിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ സുബ്രഹ്മണ്യ ടി, അസിസ്റ്റന്റ് എഞ്ചിനീയർ ചേതൻ എസ്, ജൂനിയർ എഞ്ചിനീയർ രാജണ്ണ, ജൂനിയർ പവർമാൻ മഞ്ജുനാഥ് രേവണ്ണ, ലൈൻമാൻ ബസവരാജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കൃത്യനിര്‍വഹണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. സൌന്ദര്യയുടെ കുടുംബത്തിന് അഞ്ച് ലക്ഷം സഹായധനവും മന്ത്രി പ്രഖ്യാപിച്ചു.