സദാചാര പൊലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നു ; വിവാദ പ്രസ്താവനയുമായി ശ്രേയസി സിംഗ്
സദാചാര പൊലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മുൻ ഷൂട്ടിംഗ് താരവും ബിഹാർ മന്ത്രിയുമായ ശ്രേയസി സിംഗ്.തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തിനേയും റോഡരികിൽ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമർശം. വിനോദ സഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുമ്പോഴാണ് വിദ്യാർത്ഥിനിയും സുഹൃത്തിനേയും ഒരു സംഘമാളുകൾ തടഞ്ഞുനിർത്തുകയും പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അക്രമി സംഘത്തിലെ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാവാത്തവരാണ്. പീഡനത്തേക്കുറിച്ച് പെൺകുട്ടിയും സുഹൃത്തും പരാതി നൽകിയിരുന്നില്ല.
അക്രമ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്തത്. സംഭവം വലിയ വിവാദമായിരിക്കെയാണ് വനിതാ മന്ത്രിയിൽ നിന്നുള്ള വിവാദ പരാമർശം എത്തിയിട്ടുള്ളത്. ബീഹാറിലെ ജമുയി ജില്ലയിലെ അതിക്രമത്തെ അപലപിക്കുന്നതിനിടയിലായിരുന്നു ശ്രേയസി സിംഗ് ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തിയത്.
പെൺകുട്ടിയോടും ആൺകുട്ടിയോടും നാട്ടുകാർ പെരുമാറിയ രീതിയും അവരെ കൈകാര്യം ചെയ്ത വിധവും അങ്ങേയറ്റം അസഹനീയമാണെന്ന് വിശേഷിപ്പിച്ച മന്ത്രി, എന്നാൽ സദാചാര പൊലീസിംഗ് കുറച്ചുകൂടി ഭംഗിയുള്ളതും മാന്യവുമായ രീതിയിൽ ചെയ്യാമായിരുന്നു എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഉള്ളതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും, എന്നാൽ അത് പ്രകടിപ്പിക്കാൻ കുറച്ചുകൂടി നല്ല രീതികൾ ഉണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
.jpg)

