നെതന്യാഹുവിന്റെ വലയത്തിൽ മോദി കുടുങ്ങി : സോണിയാ ഗാന്ധി
ഗാസയിലെ ഇസ്രയേൽ സൈനിക നടപടികൾക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ആഞ്ഞടിക്കുമ്പോഴും കേന്ദ്ര സർക്കാർ പുലർത്തുന്ന നിശ്ശബ്ദത അധാർമ്മികമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ സോണിയാ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. ഗാസയിലെ പലസ്തീനികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാനും കുട്ടികളെ ലക്ഷ്യമിട്ടും ഇസ്രയേൽ ബോധപൂർവം ആക്രമണം നടത്തുകയാണെന്ന യുഎൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അവർ ചൂണ്ടിക്കാട്ടി. ഹമാസിന്റെ ആക്രമണത്തിന് ഇസ്രയേൽ നൽകുന്ന മറുപടി സമാനതകളില്ലാത്ത ക്രൂരതയായി മാറിയിട്ടും ഇന്ത്യ പുലർത്തുന്ന മൗനം രാജ്യത്തിന്റെ പരമ്പരാഗത നിലപാടുകൾക്ക് വിരുദ്ധമാണെന്ന് അവർ കുറ്റപ്പെടുത്തി.
അമേരിക്കൻ ഇടപെടലുകൾ കാരണം യുഎന്നിന് നേരിട്ട് നടപടിയെടുക്കാൻ കഴിയുന്നില്ലെങ്കിലും അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനെതിരെ തിരിഞ്ഞു കഴിഞ്ഞതായി സോണിയാ ഗാന്ധി ഓർമ്മിപ്പിച്ചു. ഫ്രാൻസ്, ബ്രിട്ടൻ , കാനഡ തുടങ്ങിയ പ്രമുഖ പടിഞ്ഞാറൻ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും, ദക്ഷിണാഫ്രിക്ക ഇസ്രയേലിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്. പല യൂറോപ്യൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം വെട്ടിച്ചുരുക്കുകയോ ആയുധവിൽപ്പന നിരോധിക്കുകയോ ചെയ്തു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ ഭരണനേതൃത്വത്തിനെതിരെ അറസ്റ്റ് വാറന്റ് വരെ പുറപ്പെടുവിച്ചിട്ടും ഇന്ത്യ ഇസ്രയേലിന്റെ തന്ത്രപ്രധാന സ്വാധീനവലയത്തിലേക്ക് കൂടുതൽ വീഴുകയാണെന്ന് അവർ ആരോപിച്ചു.
.jpg)

