മോദിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ തെളിവ് ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഉപയോഗം കുറക്കണമെന്നും വിദേശയാത്രകൾ ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഞായറാഴ്ച ഹൈദരാബാദിൽ വെച്ച് നടന്ന ബി.ജെ.പി റാലിയിലായിരുന്നു വിദേശ നാണയ ശേഖരം സംരക്ഷിക്കുന്നതിനായി പൗരന്മാർ സാമ്പത്തിക ത്യാഗത്തിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് എക്സിലൂടെ രംഗത്തെത്തിയത്. "ഇന്നലെ മോദിജി ജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. സ്വർണ്ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ കുറച്ച് ഉപയോഗിക്കണം, വളത്തിന്റെയും പാചക എണ്ണയുടെയും ഉപയോഗം കുറക്കണം, മെട്രോയിൽ യാത്ര ചെയ്യണം, വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതൊക്കെ വെറും പ്രസംഗങ്ങളല്ല, മറിച്ച് ഭരണപരാജയത്തിന്റെ തെളിവുകളാണ്," രാഹുൽ കുറിച്ചു.
പത്തുവർഷത്തെ ഭരണത്തിന് ശേഷം ജനങ്ങൾ എന്ത് വാങ്ങണം, എവിടെ പോകണം എന്ന് പറയേണ്ടി വരുന്നത് മോദിയുടെ കഴിവുകേടാണെന്നും രാഹുൽ പരിഹസിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനായി എല്ലാ തവണയും പഴി ജനങ്ങളുടെ മേൽ കെട്ടിവെക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള വിലക്കയറ്റം നേരിടാൻ ചെലവുചുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ നിർദേശിച്ചത്.
.jpg)

