എംഎല്‍എമാർക്ക് ഇനി 1.80 ലക്ഷം ശമ്പളം; തമിഴ്‌നാട്ടിലെ നിയമസഭാംഗങ്ങളുടെ പ്രതിമാസ ആനുകൂല്യങ്ങളിൽ വൻ വർധനവ് വരുത്തി സർക്കാർ
ഇതോടെ എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുക 1.05 ലക്ഷം രൂപയിൽ നിന്ന് 1.80 ലക്ഷം രൂപയായി ഉയരും
ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാംഗങ്ങളുടെ പ്രതിമാസ ആനുകൂല്യങ്ങളിൽ വൻ വർധനവ് വരുത്തി സംസ്ഥാന സർക്കാർ. എംഎൽഎമാരുടെ മാസ വരുമാനത്തിൽ 71 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.
ഇതോടെ എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുക 1.05 ലക്ഷം രൂപയിൽ നിന്ന് 1.80 ലക്ഷം രൂപയായി ഉയരും. ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
ശമ്പള വർധനവ് വഴി സംസ്ഥാന ഖജനാവിന് പ്രതിവർഷം 17 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. അടുത്തിടെ സമാപിച്ച നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് 1951-ലെ തമിഴ്‌നാട് ശമ്പള വിതരണ നിയമത്തിൽ ഭേദഗതി വരുത്തിയത്.
പുതിയ ഭേദഗതി പ്രകാരം എംഎൽഎമാരുടെ പ്രതിമാസ വാഹന അലവൻസ് 25,000 രൂപയിൽ നിന്ന് മൂന്നിരട്ടിയാക്കി 75,000 രൂപയായി ഉയർത്തി. ഇതിനുപുറമെ, പേഴ്‌സണൽ അസിസ്റ്റന്റിനെ (പിഎ) നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപയുടെ പേഴ്‌സണൽ അസിസ്റ്റൻസ് അലവൻസും പുതുതായി അനുവദിച്ചു. ഈ തുകകൾ എംഎൽഎമാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
എംഎൽഎമാർക്ക് ഔദ്യോഗിക വാഹനം വാങ്ങുന്നതിനുള്ള തുകയുടെ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്ക് 26 ലക്ഷം രൂപ വരെയും മറ്റ് എംഎൽഎമാർക്ക് 15 ലക്ഷം രൂപ വരെയുമുള്ള കാറുകൾ വാങ്ങാനാണ് അനുമതി.
.jpg)


