എംഎൽഎമാരുടെ അച്ചടക്കലംഘനം: നിർണായക യോഗം വിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

MLAs' disciplinary violations: Tamil Nadu Chief Minister Vijay calls crucial meeting

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎമാരുടെ തുടർച്ചയായ അച്ചടക്കലംഘനങ്ങളിലും വിവാദങ്ങളിലും കടുത്ത അതൃപ്തി വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ സി. ജോസഫ് വിജയ്. വിവാദങ്ങളിൽപ്പെട്ട ജനപ്രതിനിധികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും അച്ചടക്ക നടപടികൾ ചർച്ച ചെയ്യുന്നതിനുമായി അദ്ദേഹം എംഎൽഎമാരുടെയും മന്ത്രിമാരുടെയും നിർണായക യോഗം വിളിച്ചുചേർത്തു. മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് യോഗം നടക്കുന്നത്.

എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ എം. രവിശങ്കർ, കല്ലക്കുറിച്ചി എംഎൽഎ സി. അരുൾ വിഘ്നേഷ് എന്നിവർക്കെതിരെയുയർന്ന ഗുരുതര ആരോപണങ്ങളാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. സ്വന്തം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച കാർത്തിക് കുമാർ എന്ന വ്യക്തിയെ രവിശങ്കർ മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്ലക്കുറിച്ചി ജില്ലാ കളക്ടർക്ക് വാട്സാപ്പിൽ മോശം സന്ദേശങ്ങൾ അയച്ചെന്ന ആരോപണമാണ് അരുൾ വിഘ്നേഷിനെതിരെ ഉയർന്നത്.പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും ഇടപെടുമ്പോൾ മാന്യതയും അച്ചടക്കവും പാലിക്കണമെന്ന് യോഗത്തിൽ ജനപ്രതിനിധികൾക്ക് കർശന മുന്നറിയിപ്പ് നൽകും. മാമല്ലപുരത്ത് യോഗം നടക്കുന്ന പശ്ചാത്തലത്തിൽ ചെങ്കൽപേട്ട് ജില്ലയിലെ വിവിധ മേഖലകളിൽ പൊലീസ് ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags