3383 കോടി രൂപയിലേറെ ആസ്തിയുള്ള എംഎല്‍എ ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മാറി

mla

ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരമാണ് ഈ വേറിട്ട പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

3383 കോടി രൂപയിലേറെ ആസ്തിയുള്ള എംഎല്‍എ ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി മാറി. മുംബൈ ഘാട്കോപ്പര്‍ ഈസ്റ്റില്‍ നിന്നുള്ള ബിജെപി എംഎല്‍എ പരാഗ് ഷായാണ് വേഷം മാറി ഭിക്ഷ യാചിച്ച് തെരുവില്‍ അലഞ്ഞത്. ആത്മീയ ഗുരുവിന്റെ ഉപദേശ പ്രകാരമാണ് ഈ വേറിട്ട പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.


ജൈനമത വിശ്വാസ പ്രകാരം ചാതുര്‍മാസ വ്രതത്തോടനുബന്ധിച്ച്, ആത്മീയ ഗുരുവായ നമ്രമുനി മഹാരാജാണ് ഒരു ദിവസത്തേക്ക് ഭിക്ഷാടകനായി ജീവിച്ച് കഷ്ടപ്പാടുകളും ജീവിത യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഗുരുവിന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച എംഎല്‍എ, വേഷം മാറി ഘാട്കോപ്പറിലെ തെരുവുകളിലേക്ക് ഇറങ്ങി. ഒരു ദിവസം മുഴുവന്‍ തെരുവില്‍ കഴിഞ്ഞ് അവിടെ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ച് അദ്ദേഹം തിരിച്ചെത്തി. പണവും പ്രശസ്തിയും അധികാരവും മനുഷ്യരില്‍ അഹങ്കാരം വളര്‍ത്തുമെന്നും ഈ അനുഭവം തന്റെ അഹങ്കാരം ഇല്ലാതാക്കി മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

ആ ഒരു ദിവസത്തെ വേദനാജനകമായ ചില അനുഭവങ്ങളും എംഎല്‍എ പങ്കുവെച്ചു. വേഷംമാറി സ്വന്തം അപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ തള്ളിപ്പുറത്താക്കി. എപ്പോഴും സഹായിക്കാറുള്ള സുഹൃത്തിന്റെ അടുത്ത് ഭിക്ഷക്കാരനായി ചെന്നപ്പോള്‍ തന്നെ ആട്ടിയോടിച്ചെന്നും എംഎല്‍എ പറഞ്ഞു. മനുഷ്യര്‍ വ്യക്തികള്‍ക്കല്ല, മറിച്ച് പണത്തിനും പദവിക്കും മാത്രമാണ് വില നല്‍കുന്നതെന്ന കയ്‌പേറിയ സത്യം ഈ സംഭവം തന്നെ പഠിപ്പിച്ചതായി പരാഗ് ഷാ പറഞ്ഞു. എന്നാല്‍ ഇതിനിടയിലും മനുഷ്യത്വം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് തെളിവായി ചില അനുഭവങ്ങളുമുണ്ടായി. ദയ തോന്നിയ ചില യുവാക്കള്‍ തനിക്ക് 20 രൂപ നല്‍കിയതായി അദ്ദേഹം ഓര്‍ത്തെടുത്തു.
ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഈ ഭിക്ഷാടനം പണത്തിനും അധികാരത്തിനുമപ്പുറമുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടറിയാന്‍ സഹായിച്ചതായി എംഎല്‍എ വ്യക്തമാക്കി. മനുഷ്യരുടെ ഇരട്ടത്താപ്പും കരുണയും ഒരുപോലെ അനുഭവിക്കാന്‍ കഴിഞ്ഞതോടെ തനിക്ക് പുതിയൊരു കാഴ്ചപ്പാട് ലഭിച്ചുവെന്ന് പരാഗ് ഷാ പറഞ്ഞു.

Tags