ടിവികെ ഭരണത്തിൽ തമിഴ്‌നാട് 'വൈസ് സിറ്റി'യായി മാറിയെന്ന് എം.കെ. സ്റ്റാലിൻ; രൂക്ഷവിമർശനവുമായി ഡിഎംകെ

MK Stalin says Tamil Nadu has become a 'vice city' under TVK rule; DMK slams him

ചെന്നൈ: ചെന്നൈയിൽ വൻതോതിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയിനെയും തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. പ്രശസ്ത വീഡിയോ ഗെയിം പരമ്പരയായ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ'യിലെ (GTA) കുറ്റകൃത്യങ്ങൾക്കും ലഹരി മാഫിയകൾക്കും കുപ്രസിദ്ധമായ 'വൈസ് സിറ്റി' (Vice City) എന്ന സാങ്കൽപ്പിക നഗരത്തോടാണ് തമിഴ്‌നാടിന്റെ നിലവിലെ അവസ്ഥയെ സ്റ്റാലിൻ ഉപമിച്ചത്.

ടിവികെ ഭരണത്തിന് കീഴിൽ തമിഴ്‌നാട്ടിൽ മാസം തോറും ലഹരിമരുന്ന് പിടികൂടുകയാണെന്ന് എം.കെ. സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രി വിജയിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് ഇത്രയും വലിയ അളവിലുള്ള ലഹരിവസ്തുക്കളുടെ നീക്കം കണ്ടെത്താൻ കഴിയാത്തതെന്തുകൊണ്ടാണെന്നും, ഇത് കണ്ടെത്താൻ കഴിയാത്തതാണോ അതോ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. നിക്ഷേപകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്ന തമിഴ്‌നാട് ഇന്ന് മെത്താംഫെറ്റമിൻ, ഹെറോയിൻ തുടങ്ങിയ ലഹരിമരുന്നുകൾ കടത്തുന്നവരുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

1980-കളിലെ മിയാമി നഗരത്തെ ആസ്പദമാക്കി ജിടിഎ ഗെയിമിൽ ചിത്രീകരിച്ചിരിക്കുന്ന 'വൈസ് സിറ്റി' പോലെയാണ് നിലവിൽ തമിഴ്‌നാടിന്റെ അവസ്ഥയെന്ന് സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്നും, ടിവികെ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ, വൻകിട കവർച്ചകൾ, കസ്റ്റഡി മരണങ്ങൾ എന്നിവയെല്ലാം ചേരുമ്പോൾ തമിഴ്‌നാട് ഒരു 'വൈസ് സിറ്റി'യായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണപരാജയങ്ങൾ മറച്ചുവെക്കാനായി തെരഞ്ഞെടുത്ത വിവരങ്ങൾ മാത്രമാണ് പൊലീസ് പുറത്തുവിടുന്നതെന്ന് എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും വിമർശിച്ചു. മയക്കുമരുന്ന് തടയാൻ രൂപീകരിച്ച 65 അംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്താണ് ചെയ്യുന്നതെന്നും സ്റ്റാലിൻ ചോദിച്ചു. ചെന്നൈ മാധവാരത്ത് 700 കോടി രൂപ വിലമതിക്കുന്ന 70 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയതിന് പിന്നാലെയാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 'മെത്ത്' ഭൂപാലൻ എന്ന ടിവികെ പ്രവർത്തകൻ കഴിഞ്ഞ മാസം നാഗപട്ടണത്ത് അറസ്റ്റിലായ കാര്യവും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

Tags