സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Tamil Nadu Chief Minister MK Stalin opposes the new curriculum released by CBSE

ചെന്നൈ: സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്ത്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം നടത്തുന്നുവെന്നാണ് സ്റ്റാലിന്റെ ആരോപണം. 

2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 'ഇന്ത്യന്‍ ഭാഷകള്‍' പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.

Tags