ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ കടബാധ്യത ; തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ സ്വന്തം കുടുംബത്തില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച 30 കാരന്‍ പിടിയില്‍

arrest

തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിച്ച് പൊലീസ് ഹോട്ടല്‍ മുറിയില്‍ നിന്ന് യുവാവിനെ സുരക്ഷിതനായി പിടികൂടി.

ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ കടബാധ്യതയിലായ യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലൂടെ സ്വന്തം കുടുംബത്തില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ സൂററ്റില്‍ ജിഗ്‌നേഷ് ലാല്‍ജിഭായ് തലവിയ (30) എന്ന യുവാവാണ് കടം വീട്ടാന്‍ വഴിയില്ലാതെ പൊലീസിനെ വട്ടംകറക്കിയ നാടകത്തിന് മുതിര്‍ന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിച്ച് പൊലീസ് ഹോട്ടല്‍ മുറിയില്‍ നിന്ന് യുവാവിനെ സുരക്ഷിതനായി പിടികൂടി.


കഴിഞ്ഞ ജൂണ്‍ 12-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ജൂണ്‍ 11-ന് രാത്രി വീട്ടില്‍ നിന്നിറങ്ങിയ ജിഗ്‌നേഷ് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ഉത്രാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കി മണിക്കൂറുകള്‍ക്കകം ജിഗ്‌നേഷിന്റെ ഫോണില്‍ നിന്ന് തന്നെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കുടുംബമാകെ ഭയന്നു. ജിഗ്‌നേഷിനെ മോചിപ്പിക്കണമെങ്കില്‍ 50 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു സന്ദേശം.

ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ ജിഗ്‌നേഷിനെ കെട്ടിയിട്ട നിലയിലുള്ള ഒരു വീഡിയോയും വന്നതോടെ കുടുംബവും പൊലീസും വലിയ പരിഭ്രാന്തിയിലായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സൂററ്റ് പോലീസ് അടിയന്തരമായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു. സാങ്കേതിക വിദഗ്ധരെയും സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജിഗ്‌നേഷിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മധ്യപ്രദേശിലെ ഉജ്ജയിനിലാണ് അവസാനം കാണിച്ചതെന്ന് വ്യക്തമായി.

ഇതോടെ അന്വേഷണം മധ്യപ്രദേശിലേക്ക് വ്യാപിപ്പിക്കുകയും അവിടുത്തെ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പ്രതി അയച്ച വീഡിയോയും ഡിജിറ്റല്‍ തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച പൊലീസിന് ചില പൊരുത്തക്കേടുകള്‍ തോന്നിത്തുടങ്ങി. വീഡിയോ ചിത്രീകരിച്ചത് ഉജ്ജയിനില്‍ വെച്ചല്ലെന്നും ഗുജറാത്തിലെ ഗോദ്രയിലുള്ള ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ വെച്ചാകാമെന്നുമുള്ള നിര്‍ണായക വിവരമാണ് പൊലീസിന് ലഭിച്ചത്. ലഭിച്ച പുതിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഗോദ്രയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ ജൂണ്‍ 15-ന് ഗോദ്രയിലെ ഒരു ഹോട്ടല്‍ മുറിയില്‍ സുഖമായി താമസിക്കുകയായിരുന്ന ജിഗ്‌നേഷിനെ പൊലീസ് സംഘം കണ്ടെത്തി. ഇതോടെ ദിവസങ്ങളായി പോലീസിനെയും കുടുംബത്തെയും മുനമുനയില്‍ നിര്‍ത്തിയ തട്ടിക്കൊണ്ടുപോകല്‍ നാടകം മാത്രമാണെന്നും തെളിഞ്ഞു.

താന്‍ കടബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി സ്വന്തമായി മെനഞ്ഞ നാടകമാണിതെന്ന് ജിഗ്‌നേഷ് സമ്മതിച്ചു. ജൂണ്‍ 11-ന് രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ സ്‌കൂട്ടര്‍ സൂററ്റിലെ പ്ലാറ്റിനം പോയിന്റിന് സമീപം ഉപേക്ഷിച്ച ശേഷം റിക്ഷയില്‍ റെയില്‍വേ സ്റ്റേഷനിലെത്തി ഉജ്ജയിനിലേക്ക് വണ്ടി കയറുകയായിരുന്നു. ട്രെയിന്‍ യാത്രയിലുടനീളം സ്വന്തം ഫോണ്‍ ഓണാക്കിയും ഓഫാക്കിയും പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ ഭാര്യയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചതും പിന്നീട് ഗോദ്രയിലെ ഹോട്ടലിലേക്ക് മാറിയതും.

ട്രേഡിംഗിലെ കടുത്ത നഷ്ടമാണ് ഇയാളെ ഈ ചതിക്ക് പ്രേരിപ്പിച്ചത്. മുന്‍പും സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തുക നഷ്ടപ്പെടുത്തിയ ഇയാളെ കുടുംബാംഗങ്ങള്‍ പണം നല്‍കി സഹായിച്ചിരുന്നു.

Tags