മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫീസറാകാം; നഴ്സിങ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസിന് കീഴിലെ കോളേജുകളിൽ നാലുവർഷത്തെ ബി.എസ്സി. നഴ്സിങ് കോഴ്‌സ് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യു.ജി 2026 സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത്.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വനിതകളെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ പെർമനന്റ് അല്ലെങ്കിൽ ഷോർട്ട് സർവിസ് കമ്മിഷൻ (PSC/SSC) വ്യവസ്ഥയിൽ മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫീസർമാരായി നിയമിക്കും.
യോഗ്യതകൾ
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ്ടു/ഹയർ സെക്കൻഡറി പരീക്ഷ ആദ്യത്തെ അവസരത്തിൽത്തന്നെ ഉയർന്ന മാർക്കോടെ പാസായിരിക്കണം. അപേക്ഷകർ അവിവാഹിതരായിരിക്കണം. നിയമപരമായി വിവാഹമോചനം നേടിയവർക്കും മറ്റ് ബാധ്യതകൾ ഇല്ലാത്ത വിധവകൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അപേക്ഷകർ 2001 ഒക്ടോബർ 1-നും 2009 സെപ്റ്റംബർ 30-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
Also Read: ഛത്തീസ്ഗഢ് ബോർഡ് 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷാ ഷെഡ്യൂൾ പ്രഖ്യാപിച്ചു!
തിരഞ്ഞെടുപ്പ് രീതി
നീറ്റ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. സ്ക്രീനിങ് ചെയ്യപ്പെടുന്നവർക്കായി ജനറൽ ഇന്റലിജൻസ്, ജനറൽ ഇംഗ്ലീഷ് എന്നിവയെ ആസ്പദമാക്കിയുള്ള ഒബ്ജക്ടീവ് പരീക്ഷ നടത്തും. സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ്, അഭിമുഖം, മെഡിക്കൽ പരിശോധന ഇവയിലെല്ലാം വിജയിക്കുന്നവരെയാണ് അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്.
എങ്ങനെ അപേക്ഷിക്കാം?
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്.
.jpg)

