കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ശിവസേനയിൽ

milind
milind

മുംബൈ : കോൺഗ്രസിൽനിന്നു രാജിവച്ച മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷി‍ൻഡെ നയിക്കുന്ന ശിവസേനാ പക്ഷത്തിന്റെ അംഗത്വമാണു ദേവ്‌റ സ്വീകരിച്ചത്. ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളിയതിനു പിന്നാലെയായിരുന്നു ദേവ്റയുടെ രാജിപ്രഖ്യാപനം.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽ തുടങ്ങിയ ദിവസമാണു ദേവ്‌റയുടെ കൂടുമാറ്റമെന്നതു ശ്രദ്ധേയമാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി താൻ അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ ഷിൻഡെ, പാർട്ടി അംഗത്വം നൽകി മിലിന്ദ് ദേവ്റയെ സ്വാഗതം ചെയ്തു. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ശക്തമായ സർക്കാർ വേണമെന്നു ശിവസേനയിൽ ചേർന്ന ശേഷം മിലിന്ദ് ദേവ്‌റ പറഞ്ഞു. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ശക്തമായ രാജ്യമാണ്. അതിൽ നമുക്കേവർക്കും അഭിമാനമുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മുംബൈയിൽ ഒരു ഭീകരാക്രമണം പോലും നടന്നില്ല. മുംബൈക്കാരെ സംബന്ധിച്ചു വലിയ നേട്ടമാണിത്.’’– ദേവ്റ പറഞ്ഞു.

Tags