മൈക്രോസോഫ്റ്റ് തകരാർ: ഡൽഹിയിൽ സ്പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങൾ റദ്ദാക്കി; ഇൻഡിഗോയുടെ ഇമെയിൽ സേവനങ്ങളെയും ബാധിച്ചു

Microsoft outage: Three SpiceJet flights cancelled in Delhi; IndiGo's email services also affected

ന്യൂഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ രാജ്യത്തെ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് വിമാനങ്ങൾ റദ്ദാക്കുകയും രണ്ടെണ്ണം വൈകുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽനിന്ന് പുണെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റിന്റെ തന്നെ ഡൽഹിയിൽനിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് വിമാനങ്ങൾ വൈകുകയും ചെയ്തു.

അതേസമയം, മൈക്രോസോഫ്റ്റ് തകരാർ തങ്ങളുടെ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെ ഇമെയിലുകൾ തടസമില്ലാതെ ലഭിക്കുന്നതിനായി ഇമെയിൽ സംവിധാനങ്ങൾ താൽക്കാലികമായി മറ്റൊരു വഴിയിലൂടെ തിരിച്ചുവിട്ടതായും പതിവുപോലെ 24 മണിക്കൂറിനുള്ളിൽ ഇമെയിലുകൾക്ക് മറുപടി നൽകുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

എന്നാൽ, മൈക്രോസോഫ്റ്റ് സേവനങ്ങളിലെ ആഗോള തകരാർ തങ്ങളുടെ ഇമെയിൽ സപ്പോർട്ടിങ് സംവിധാനത്തെ ബാധിച്ചതായി ഇൻഡിഗോ അറിയിച്ചു. ഉപഭോക്താക്കളിൽനിന്നുള്ള ഇമെയിലുകൾ ലഭിക്കാതെ വരാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആകാശ എയറും യാത്രക്കാർക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയ അറിയിപ്പുകളും നിരന്തരം പരിശോധിക്കണമെന്ന് ആകാശ എയർ യാത്രക്കാരോട് നിർദേശിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിമാനത്തിന്റെ സമയക്രമവും നിലവിലെ സ്ഥിതിയും പരിശോധിക്കണമെന്ന് ഡൽഹി വിമാനത്താവള അധികൃതരും നിർദേശിച്ചിട്ടുണ്ട്.

Tags