മൈക്രോസോഫ്റ്റിൽ 'വോളന്ററി എക്‌സിറ്റ് പ്രോഗ്രാം'; ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ 60,000 ജീവനക്കാർക്ക് അവസരം

Microsoft launches voluntary exit program; 60,000 employees in four countries including India will have the opportunity

ന്യൂഡൽഹി: ഇന്ത്യ, യു.എസ്, യു.കെ, കാനഡ എന്നീ രാജ്യങ്ങളിലെ അർഹരായ ജീവനക്കാർക്കായി സ്വമേധയാ കമ്പനി വിടാൻ സഹായിക്കുന്ന 'വോളന്ററി എക്‌സിറ്റ് പ്രോഗ്രാം' (Voluntary Exit Program) പ്രഖ്യാപിച്ച് പ്രമുഖ ടെക് ഭീമനായ മൈക്രോസോഫ്റ്റ്. കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലും ആഭ്യന്തര സന്ദേശത്തിലുമാണ് മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് പീപ്പിൾ ഓഫീസറുമായ ആമി കോമാൻഡ് ഇക്കാര്യം വ്യക്തമാക്കിയത്.   

കമ്പനിക്ക് പുറത്തുള്ള പുതിയ അവസരങ്ങൾ തേടുന്ന ജീവനക്കാർക്ക് സാമ്പത്തിക പിന്തുണയും കരിയർ പ്ലാനിങ് സൗകര്യങ്ങളും നൽകി പൂർണ്ണ പിന്തുണ ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വിവിധ ടീമുകളിലെ 70-ഉം അതിൽ താഴെയുമുള്ള ലെവലുകളിൽ പ്രവർത്തിക്കുന്ന ഏകദേശം 60,000 ജീവനക്കാർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇന്ത്യയിൽ മൈക്രോസോഫ്റ്റിന് ഏകദേശം 23,000 ജീവനക്കാരുണ്ടെങ്കിലും, ഇതിൽ എത്രപേർ പദ്ധതിക്ക് അർഹരാണെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല.  

 സാധാരണ ലേഓഫ് (പിരിച്ചുവിടൽ) പാക്കേജുകൾക്ക് സമാനമായ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. സേവനമനുഷ്ഠിച്ച ഓരോ വർഷത്തിനും അടിസ്ഥാന ശമ്പളത്തിന്റെ ഒരു മാസം വീതം നഷ്ടപരിഹാരമായി നൽകും. ഇതിനുപുറമെ ആരോഗ്യ ഇൻഷുറൻസും കരിയർ ട്രാൻസിഷൻ സേവനങ്ങളും ലഭ്യമാകും. പദ്ധതി സ്വീകരിക്കാൻ താല്പര്യമുള്ള അർഹരായ ജീവനക്കാർക്ക് ഡിസംബർ 1 വരെ സമയം അനുവദിച്ചിട്ടുണ്ട്.   അതേസമയം, മാർക്കറ്റിംഗ്, സെക്യൂരിറ്റി തുടങ്ങി ചില നിർണായക പ്രവർത്തന മേഖലകളെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓരോ ബിസിനസിന്റെയും മുൻഗണനകളും തൊഴിൽപരമായ ആവശ്യകതകളും പരിഗണിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.

പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയിലെ നിക്ഷേപ പദ്ധതികളിൽ മാറ്റമില്ലെന്ന് മൈക്രോസോഫ്റ്റ് വക്താവ് വ്യക്തമാക്കി. ക്ലൗഡ്, എ.ഐ (AI) അടിസ്ഥാന സൗകര്യങ്ങൾക്കായും സ്കില്ലിങ്ങിനായും 2025-2029 കാലയളവിൽ 2050 കോടി ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി മുന്നോട്ടുപോകുമെന്നും, 2030-ഓടെ ഇന്ത്യയിൽ രണ്ട് കോടി ആളുകളെ എ.ഐ വിദഗ്ധരാക്കുകയാണ് ലക്ഷ്യമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Tags