മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ധരിച്ചെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം ; ഡി കെ ശിവകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കാതെ കര്‍ണാടക സര്‍ക്കാര്‍

UDF will come to power in Kerala by winning 96 seats: DK Shivakumar

കോണ്‍ഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോള്‍ മാത്രമാണ് ഈ ക്യാമറ ഗ്ലാസ് ധരിച്ചതെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.

വ്യവസായ ചര്‍ച്ചയുടെ മറവില്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിക്കാതെ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പിന്നീട് ഇക്കാര്യത്തില്‍ ഡികെ പ്രതികരിച്ചിട്ടുമില്ല. വിവാദത്തില്‍ കേരളത്തിലും നടപടി ഒന്നും വന്നിട്ടില്ല. തന്നെ ലക്ഷ്യമിട്ട് രഹസ്യ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ നീക്കം നടന്നുവെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. ഒരു പ്രമുഖ വ്യവസായി ക്യാമറ ഘടിപ്പിച്ച മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ ധരിച്ചെത്തി ദൃശ്യങ്ങള്‍ പകര്‍ത്തി കുടുക്കാന്‍ ശ്രമിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ഉദ്യോഗസ്ഥര്‍ മുഖേന മുന്‍കൂട്ടി അനുമതി വാങ്ങിയെത്തിയ വ്യവസായി തുടക്കത്തില്‍ ബിസിനസ് കാര്യങ്ങളാണ് സംസാരിച്ചതെങ്കിലും പിന്നീട് പെട്ടെന്ന് സംഭാഷണം രാഷ്ട്രീയത്തിലേക്കും ബൂത്ത് തല തന്ത്രങ്ങളിലേക്കും തിരിച്ചുവിടുകയായിരുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. വസ്ത്രധാരണത്തിലും ധരിച്ചിരുന്ന മെറ്റാ ഗ്ലാസിലും സംശയം തോന്നിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇയാള്‍ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ കാണാനെത്തിയപ്പോള്‍ മാത്രമാണ് ഈ ക്യാമറ ഗ്ലാസ് ധരിച്ചതെന്നും ശിവകുമാര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ കൃത്യമായ തെളിവുകളും വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അനുയോജ്യമായ സമയത്ത് വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags