ഉറക്കമില്ലായ്മയെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം ; ആറാം നിലയിൽ നിന്ന് കുഞ്ഞുമായി ചാടിയ യുവതിയ്ക്ക് ദാരുണാന്ത്യം; കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

dead

 ഹൈദരാബാദിലെ മിയാപൂരിൽ ദാരുണമായ സംഭവം. ഉറക്കമില്ലായ്മയെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ 37-കാരി ആറുമാസം പ്രായമുള്ള കുഞ്ഞുമായി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി. മയൂരി നഗറിലെ ലക്ഷ്മി പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന ഇഷ സാഹു ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ അമ്മയുടെ കൈകളിൽ നിന്ന് തെന്നിമാറി വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവം നടന്നയുടൻ അപ്പാർട്ട്‌മെന്റിലെ താമസക്കാരും നാട്ടുകാരും ചേർന്ന് കുഞ്ഞിനെ കെ.പി.എച്ച്.ബിയിലെ ലോട്ടസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുകളേറ്റെങ്കിലും കുഞ്ഞ് ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കെട്ടിടത്തിൽ നിന്ന് വീണ ഇഷ സാഹുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതിനാൽ സംഭവസ്ഥലത്തുതന്നെ മരണം സംഭവിക്കുകയായിരുന്നു.

ഏറെ നാളായി ഇഷ കടുത്ത ഉറക്കമില്ലായ്മ മൂലം ബുദ്ധിമുട്ടിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരന്തരമായ ഉറക്കക്കുറവ് അവരെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.

Tags