രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം നവംബർ 1-ന്
ഡൽഹി : നവംബർ ഒന്നിന് രാംലീലാ മൈതാനത്ത് ഇന്ത്യ സഖ്യം നടത്താനിരിക്കുന്ന വൻ പ്രതിഷേധ റാലിയെ പ്രതിരോധിക്കാൻ അടിയന്തര ഉന്നതതല യോഗം വിളിച്ച് ബി.ജെ.പി. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ബി.ജെ.പി സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
ദേശീയ ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ അടക്കമുള്ള മുതിർന്ന നേതാക്കളും കൂടിയാലോചനകളിൽ പങ്കാളികളാകും. വോട്ടർ പട്ടികയിലെ എസ്.ഐ.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സംയുക്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നേരിടാനുള്ള പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണ് ബി.ജെ.പി യോഗത്തിന്റെ പ്രധാന ലക്ഷ്യം.
‘വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പേരിൽ റാലിയും രാം ലീലാ മൈതാനത്ത് ഡൽഹി ചലോ എന്ന പേരിൽ മാർച്ചും സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. റാലി വിജയകരമാക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
.jpg)


