തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം ; മരണം 24 ആയി
മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.
തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം 24 ആയി. വിരുദുനഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ചവരില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു.
മധുര, തിരുനെല്‍വേലി എന്നീ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്. പോസ്റ്റുമോര്‍ട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്‌ക്കെതിരെയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.
വിരുദുനഗറിന് സമീപമുള്ള പടക്ക നിര്‍മാണ യൂണിറ്റിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. വനജ ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടക്കുമ്പോള്‍ അമ്പതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
.jpg)

