ചെന്നൈയിൽ മാർക്സ് പ്രതിമ സ്ഥാപിക്കും : എം.കെ. സ്റ്റാലിൻ

mk stalin
mk stalin

ചെന്നൈ: ചെന്നൈയിൽ കാൾ മാക്സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തമിഴ്നാട് നിയമസഭയെ അറിയിച്ചു. 'സർവരാജ്യത്തൊഴിലാളികളേ, സംഘടിക്കുവിൻ' എന്ന് ആഹ്വാനംചെയ്ത മാർക്സിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ പ്രതിമസ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് സ്റ്റാലിൻ പറഞ്ഞു.

ചരിത്രത്തിന്റെ ഗതി മാറ്റിമറിക്കാൻ കഴിഞ്ഞ ചുരുക്കം ചിലരിൽ മാർക്സും ഉൾപ്പെടുന്നു. ലോകം ഇതുവരെ കണ്ട നിരവധി വിപ്ലവങ്ങൾക്കും മാറ്റങ്ങൾക്കും അടിത്തറ പാകിയത് മാർക്സിന്‍റെ ചിന്തകളാണ്. 'എല്ലാവർക്കും എല്ലാം' എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ ഇത്തവണ ബജറ്റ് അവതരിപ്പിച്ചതെന്നും അത് മാർക്‌സിന്റെ തത്ത്വചിന്തയുമായി പൊരുത്തപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാർക്സ് പ്രതിമ സ്ഥാപിക്കാൻ സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത സി.പി.എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ശേഷിക്കെ, ഇടത് സഖ്യകക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തൽ.

Tags