ഭീകരനെ രക്തസാക്ഷിയാക്കി, തീവ്രവാദത്തെ മഹത്വവല്‍ക്കരിച്ചു ; ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറിയില്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍ വിവാദമായതോടെ എട്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍

suspension

പുസ്തകത്തിന്റെ രചയിതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തി

ജമ്മുകശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറികളില്‍ വിതരണം ചെയ്ത പുസ്തകങ്ങളില്‍ തീവ്രവാദികളെയും വിഘടനവാദികളെയും മഹത്വവല്‍ക്കരിച്ചെന്ന വിവാദത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. 'പേഴ്‌സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്‌സ് ഓഫ് ജെ ആന്‍ഡ് കെ' ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് സര്‍ക്കാര്‍ വിവാദത്തെ തുടര്‍ന്ന് അടിയന്തരമായി പിന്‍വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സസ്പെന്‍ഡ് ചെയ്തു. ഒപ്പം പുസ്തകത്തിന്റെ രചയിതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തി. രാജ്യവിരുദ്ധമായ ഉള്ളടക്കമുള്ള പുസ്തകം വിതരണം ചെയ്തതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.

'പേഴ്‌സണാലിറ്റീസ് ആന്‍ഡ് ലെജന്‍ഡ്‌സ് ഓഫ് ജെ ആന്‍ഡ് കെ'  എന്ന പുസ്തകമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പുസ്തകത്തില്‍ ജെകെഎല്‍എഫ് ഭീകരനായ മഖ്ബൂല്‍ ഭട്ടിനെ 'ശഹീദ്' (രക്തസാക്ഷി) എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് ആരോപണം. കൂടാതെ, വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മസറത്ത് ആലം, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ അനുകൂലിക്കുന്ന രീതിയിലാണ് പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തില്‍ ജമ്മു കശ്മീരിനെ 'ഇന്ത്യന്‍ അധീന കശ്മീര്‍' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. 

Tags