ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം; ആമിര്‍ ഖാന്റെ കോലം കത്തിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

aamir

ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടും മക്കള്‍ക്കെല്ലാം മുസ്ലീം പേരുകളാണ് ആമിര്‍ നല്‍കുന്നതെന്നാണ് മറ്റൊരു ആരോപണം

ബോളിവുഡ് താരം ആമിര്‍ ഖാന്റെ വിവാഹത്തിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍. 'ആമിര്‍ ഖാന്‍ മുര്‍ദാബാദ്, ആമിര്‍ ഖാന്‍ ജിഹാദി ഭാരതം വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ നടന്റെ കോലം കത്തിച്ചു. ആമിര്‍ 'ലവ് ജിഹാദ്' നടത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ബജ്രംഗ് ദള്‍ നേതാവ് മനോജ് സോണി ആരോപിച്ചത്, ആമിര്‍ ഖാന്‍ നിരന്തരമായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു മതത്തെ അപമാനിക്കുകയാണ് എന്നാണ്. ഹിന്ദുക്കളെ നടന്‍ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ ഇവിടെ നിയമ വ്യവസ്ഥ ഇല്ലേയെന്നും മനോജ് സോണി ചോദിച്ചു.


ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടും മക്കള്‍ക്കെല്ലാം മുസ്ലീം പേരുകളാണ് ആമിര്‍ നല്‍കുന്നതെന്നാണ് മറ്റൊരു ആരോപണം. ഇത്തരം പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ നടനെ പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി- 'ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കുട്ടികള്‍ക്ക് തൈമൂര്‍, അഫ്രോസ്, സല്‍മാന്‍ എന്നിങ്ങനെ പേരിടുന്നത് എവിടുത്തെ നിയമമാണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുസ്ലീം സ്ത്രീകളോട് പ്രണയം തോന്നാത്തത്? എന്തുകൊണ്ടാണ് അദ്ദേഹം ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്?' എന്നെല്ലാമാണ് ബജ്‌രംഗദള്‍ പ്രവര്‍ത്തകരുടെ ചോദ്യം. നടന്‍ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും നിയമങ്ങളൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയിലാണ് പെരുമാറുന്നതെന്നും മനോജ് സോണി ആരോപിച്ചു.

ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ആമിറിനെതിരെ ബംജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എന്നാല്‍ തമിഴ് - ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യന്‍ വിശ്വാസമാണ് പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. റീന ദത്ത, കിരണ്‍ റാവു എന്നിവരാണ് ആമിറിന്റെ മുന്‍ ഭാര്യമാര്‍.

Tags