ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിൽ മാവോവാദി വനിതാ കമാൻഡർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി വനിതാ കമാൻഡർ രൂപി കൊല്ലപ്പെട്ടു. രൂപിക്കായി 5 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കാങ്കർ ജില്ലയിലെ ഛോട്ടേ ബേട്ടിയയിൽ വനപ്രദേശത്തായിരുന്നു വെടിവെപ്പ്.
മാവോവാദി സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് സുരക്ഷാ സേനയും മവോവാദികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരു പക്ഷവും പരസ്പരം വെടിയുതിർത്തു. രൂപിയുടെ മൃതദേഹത്തിനൊപ്പം ആയുധവും കണ്ടെടുത്തതായി സുരക്ഷാ സേന പറയുന്നു. പ്രദേശത്ത് മറ്റ് മാവോവാദികൾ ഒളിച്ചിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വനപ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കി.
കഴിഞ്ഞ മാസം ആദ്യം, ഛത്തീസ്ഗഢിലെ കലാപബാധിത ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇന്ദ്രാവതി നദീതീരത്ത് മാവോവാദി സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ. സുരക്ഷാസേനയും മാവോവാദികളും തമ്മിൽ വെടിവെപ്പ് നടന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഒരു എസ്.എൽ.ആർ റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, 12-ബോർ റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധ ശേഖരവും സ്ഫോടകവസ്തുക്കളും മറ്റ് വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു.
.jpg)

