ലിഫ്റ്റ് അപകടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതിൻറെ നിർമാതാക്കൾ, ഏജൻസികൾ, കെട്ടിട ഉടമ എന്നിവർക്കായിരിക്കും : സുപ്രീം കോടതി

Manufacturers, agencies, and building owners will bear full responsibility for lift accidents: Supreme Court.

 ന്യൂഡൽഹി : ലിഫ്റ്റ് അപകടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം അതിൻറെ നിർമാതാക്കൾ, ഏജൻസികൾ, കെട്ടിട ഉടമ എന്നിവർക്കായിരിക്കുമെന്ന് സുപ്രീം കോടതി. ലിഫ്റ്റിനുള്ളിലെ ആളുകളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഇവരുടെ പ്രഥമ ഉത്തരവാദിത്തമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആളുകൾ അവരുടെ പൂർണ വിശ്വാസവും ഇതിൻറെ നിർമാതാക്കളിൽ അർപ്പിച്ചിരിക്കുന്നതിനാൽ അതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. ജസ്റ്റിസ് പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഓട്ടിസ് എലവേറ്റർ കമ്പനി സമർപ്പിച്ച ഹരജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതോടൊപ്പം 2014ൽ പാസാക്കിയ ദേശീയ തർക്ക ഉപഭോക്തൃ കമീഷൻറെ ഉത്തരവ് ശരി വെക്കുകയും ചെയ്തു.

2003-ലെ ലിഫ്റ്റ് അപകടത്തിൽ മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ വിപിൻ ഹാൻഡ മരിച്ച സംഭവത്തിലാണ് വിധി പ്രസ്താവിച്ചത്. ഹാൻഡയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 90 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ 12 ശതമാനം പലിശ ഈടാക്കണമെന്നും വ്യവസ്ഥയുണ്ട്. ഉത്തരവ് നടപ്പിലാക്കുന്നത് എൻ.സി.ഡി.ആർ.സി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

ആധുനിക നഗരജീവിതത്തിൻറെ ഒരു പ്രധാന ഭാഗമായി ലിഫ്റ്റുകൾ മാറിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ചെറിയൊരു സ്റ്റീൽ ക്യാബിനിൽ പ്രവേശിച്ച് വാതിലുകൾ അടയുമ്പോൾ, യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു യാന്ത്രിക സംവിധാനത്തിലാണ് ആളുകൾ തങ്ങളുടെ സുരക്ഷ പൂർണമായി അർപ്പിക്കുന്നത് എന്ന് കോടതി പറഞ്ഞു.

പൊതുസ്ഥലങ്ങളിലെ തിരക്കേറിയ ലിഫ്റ്റുകൾ ആളുകളിൽ ക്ലോസ്ട്രോഫോബിയയ്ക്ക് (അടഞ്ഞ സ്ഥലങ്ങളോടുള്ള ഭയം) കാരണമായേക്കാം. വായുസഞ്ചാരമില്ലായ്മയും മറ്റും സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ, ചെറിയൊരു കുലുക്കമോ പെട്ടെന്നുള്ള നിലയ്ക്കലോ യന്ത്രഭാഗങ്ങളിൽ നിന്നുള്ള അസാധാരണമായ ശബ്ദമോ പോലും യാത്രക്കാരിൽ ഭയം ഉളവാക്കും. സുരക്ഷ എന്നത് കേവലം ഒരു പ്രതീക്ഷ മാത്രമല്ല, മറിച്ച് എല്ലാ ലിഫ്റ്റുകളും നൽകേണ്ട അടിസ്ഥാ‍നപരമായ ഉറപ്പാണെന്ന് ഇത് ഓർമ്മിപ്പിക്കുന്നു എന്ന് ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി.

ആറും ഏഴും നിലകൾക്കിടയിൽ കുടുങ്ങിയാണ് വിപിൻ പാൻഡെ മരണപ്പെട്ടത്. സംഭവത്തിൽ 11 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു.

ലിഫ്റ്റ് ഓപറേറ്റർമാരുടെ വീഴ്ചായാണ് അപകടകാരണമെന്ന് വാദത്തിനിടയിൽ ലിഫ്റ്റ് നിർമ്മാതാക്കളായ ഓട്ടിസ് കമ്പനി വാദിച്ചു. വോൾട്ടേജ് വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്റ്റെബിലൈസർ സ്ഥാപിക്കാൻ തങ്ങൾ മുൻപ് നിർദ്ദേശിച്ചിരുന്നുവെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നും കമ്പനി വ്യക്തമാക്കി.

അതേ സമയം പെട്ടെന്നുണ്ടായ തകരാർ മൂലമാണ് ഈ അപകടമെന്ന് കരുതാനാവില്ലെന്നും എലിവേറ്ററിന് ഏറെക്കാലമായി തകരാറുകൾ ഉണ്ടായിരുന്നുവെന്നും കമ്പനിക്ക് ഇതിനെക്കുറിച്ച് പൂർണ്ണ അറിവുണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി. 

Tags