2023ലെ മണിപ്പൂർ വംശീയ കലാപം ; അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം

Sabarimala women's entry; Senior advocate Abhishek Manu Singhvi appeared in the Supreme Court on behalf of the Travancore Devaswom Board

 ന്യൂഡൽഹി: 2023ലെ മണിപ്പൂർ വംശീയ കലാപവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ ദൈനംദിന വിചാരണ നടത്താൻ പ്രത്യേക കോടതികൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതി. കേസുകളുടെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും കുറ്റപത്രങ്ങളുടെ പകർപ്പുകൾ ഇരകൾക്ക് ലഭ്യമാക്കാനും അന്വേഷണ ഏജൻസികൾക്ക് കോടതി നിർദേശം നൽകി.

കേന്ദ്ര സർക്കാർ, മണിപ്പൂർ സർക്കാർ, സി.ബി.ഐ, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) എന്നിവർക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച് കേസുകളുടെയും ഇപ്പോഴും അന്വേഷണം തുടരുന്ന കേസുകളുടെയും വിശദാംശങ്ങൾ സമർപ്പിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് മണിപ്പൂർ അക്രമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സി.ബി.ഐയും എസ്.ഐ.ടി സമർപ്പിച്ച കുറ്റപത്രങ്ങളുടെ പകർപ്പുകൾ നിരവധി ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചു.

ഇരകൾക്കുവേണ്ടി ഹാജരായ അഭിഭാഷകർക്ക് കുറ്റപത്രങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കുന്നതിനായി ഗുവാഹത്തി, മണിപ്പൂർ ഹൈകോടതികളുടെ ചീഫ് ജസ്റ്റിസുമാരുടെ ഓഫിസുകളെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കുറ്റപത്രങ്ങളുടെ പകർപ്പുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നും സി.ബി.ഐക്കും എസ്.ഐ.ടിക്കും കോടതി നിർദേശം നൽകി. ഇത് ലഭിച്ചാൽ അതിവേഗ വിചാരണ ഉറപ്പാക്കാൻ എത്ര പ്രത്യേക കോടതികൾ ആവശ്യമാണെന്ന് തീരുമാനിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.

അക്രമം ആരംഭിച്ചതിന് ശേഷം കാണാതായ 30 പേരുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കാനും സുപ്രീംകോടതി മണിപ്പൂർ ഹൈകോടതിയോട് നിർദേശിച്ചു. അക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതിയെക്കുറിച്ച് സി.ബി.ഐ, സംസ്ഥാന എസ്.ഐ.ടി, മഹാരാഷ്ട്ര മുൻ ഡി.ജി.പി ദത്താത്രേ പദ്‌സാൽഗികർ അധ്യക്ഷനായ കോടതി നിയമിച്ച നിരീക്ഷണ സമിതി എന്നിവരോട് പുതുക്കിയ സ്ഥിതിവിവര റിപ്പോർട്ടുകൾ സമർപ്പിക്കാനും സുപ്രീംകോടതി നിർദേശിച്ചു.

2023 മെയ് മൂന്നിന് മെയ്തെയ് സമൂഹത്തിന് പട്ടികവർഗ (എസ്.ടി) പദവി നൽകണമെന്ന ആവശ്യത്തിനെതിരെ മലയോര ജില്ലകളിൽ സംഘടിപ്പിച്ച 'ട്രൈബൽ സോളിഡാരിറ്റി മാർച്ചി'ന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 

Tags