മണിപ്പൂരിൽ വീണ്ടും സംഘർഷം ; ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, സുരക്ഷാ പരിശോധന ശക്തമാക്കി
മണിപ്പൂരിലെ നോനി ജില്ലയിൽ രണ്ട് സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഖൗപും മേഖലയിലെ താവോദിജാങ് ഗ്രാമത്തിന് സമീപമാണ് ബുധനാഴ്ച പുലർച്ചെ വെടിവെപ്പ് നടന്നത്. ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ സുരക്ഷാസേന പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ചു. മണിപ്പൂർ പൊലീസ്, സി.ആർ.പി.എഫ്, കോബ്ര, അസം റൈഫിൾസ് എന്നിവയിൽ നിന്നായി 500-ലധികം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തതായി അധികൃതർ അറിയിച്ചു. നുങ്ബ, കെക്രു നാഗ മേഖലകളിൽ താമസിക്കുന്നവരുടെ തിരിച്ചറിയൽ രേഖകളും പരിശോധിക്കുന്നുണ്ട്.
മരിച്ചവരിൽ രണ്ടുപേർ സേലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ട് വിഭാഗത്തിൽപ്പെട്ടവരാണെന്ന് സംഘടന അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ മൂന്നാമത്തെയാളുടെ സംഘടനാ ബന്ധം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ നാട്ടുകാരും ഇടപെട്ടതായാണ് റിപ്പോർട്ട്. സുരക്ഷാസേനയുടെ പരിശോധന തുടരുകയാണ്.
.jpg)

