മണിപ്പൂരിൽ ആറ് തീവ്രവാദികൾ അറസ്റ്റിൽ


ഇംഫാൽ : മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറ് തീവ്രവാദികളെ പ്രത്യേക ഓപ്പറേഷനുകളിലായി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളിൽ നിന്ന് വെള്ളിയാഴ്ചയാണ് അറസ്റ്റ് നടന്നതെന്ന് അവർ പറഞ്ഞു.
ബിഷ്ണുപൂരിലെ ലെയ്‌മരം മാമാങ് ലെയ്‌കൈയിൽ നിന്ന് കാങ്‌ലെയ് യോവ്ൾ കണ്ണ ലുപ്പ് എന്ന സംഘടനയിലെ ഒരു കേഡറെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തീവ്രവാദി ലെയ്‌ചോംബാം പക്പി ദേവി (37) നിരോധിത ഗ്രൂപ്പിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
വംശീയ കലാപം രൂക്ഷമായ സംസ്ഥാനത്ത് കൊള്ളയടിച്ചതും നിയമവിരുദ്ധമായി കൈവശം വച്ചതുമായ ആയുധങ്ങളുമായി സ്വമേധയാ കീഴടങ്ങാൻ ആളുകൾക്ക് അനുവദിച്ച രണ്ടാഴ്ചത്തെ സമയം മാർച്ച് 6ന് അവസാനിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും സംസ്ഥാനത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പതിവായി കണ്ടെത്തുന്നുണ്ട്.

2023 മെയ് മാസത്തിൽ ഇംഫാൽ താഴ്‌വരയിലെ മെയ്തെയ്‌ക്കും അയൽപക്കത്തുള്ള കുന്നുകളിലെ കുക്കി സമൂഹങ്ങൾക്കും ഇടയിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഫെബ്രുവരി 9 ന് അന്നത്തെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചതിനെത്തുടർന്ന് ഫെബ്രുവരി 13ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.