മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ സായുധ ആക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു
മണിപ്പൂരിലെ കാങ്‌പോക്‌പിയിൽ ബുധനാഴ്ച രാവിലെ ക്രൈസ്തവ വൈദികർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുരാചന്ദ്പൂരിൽ നിന്ന് കാങ്‌പോക്‌പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ റെവറന്റ് വി. സിറ്റ്‌ലൗ, റെവറന്റ് കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കുക്കി സമുദായ സംഘടനകൾ അറിയിച്ചു. ചുരാചന്ദ്പൂരിലെ സഭാ സമ്മേളനത്തിന് ശേഷം രണ്ട് വാഹനങ്ങളിലായി മടങ്ങുകയായിരുന്നു സംഘം.
കാങ്‌പോക്‌പിയിലെ കോട്ട്ജിമിനും കോട്ട്‌ലനും ഇടയിൽ വെച്ചാണ് അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലവിൽ സുരക്ഷാ സേന പ്രദേശം വളയുകയും അക്രമികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ ഒരാളായ റെവറന്റ് വി. സിറ്റ്‌ലൗ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മണിപ്പൂരിലെ കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായി കൊഹിമയിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സമാധാനത്തിനായി നിലകൊണ്ട വ്യക്തികൾക്ക് നേരെയുണ്ടായ ഈ ആക്രമണം അത്യന്തം ദൗർഭാഗ്യകരമാണെന്ന് കുക്കി ഇൻപി മണിപ്പൂർ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്ത് മൈതേയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വർഷങ്ങളായി തുടരുന്നതിനിടയിലാണ് സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സഭാ നേതാക്കൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സായുധ ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിൽ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് വിവിധ സംഘടനകൾ ആരോപിച്ചു.
.jpg)

