ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്നു
ശേഖറിന്റെ സുഹൃത്ത് ഗോലു, നാട്ടുകാരായ സാഗർ ഝാ, അരുണ്‍ പാണ്ഡെ എന്നിവർക്കാണ് പരിക്കേറ്റത്
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊന്നു.ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിലാണ് സംഭവം. ജംഷഡ്പൂർ മാംഗോ സ്വദേശി ശേഖർ തിർക്കിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ശിവ മന്ദിർ ദുർഗ്ഗാ പൂജാ പന്തലില്‍ ലൈറ്റ് ഇടുന്ന ജോലി ചെയ്യുന്നയാളാണ് ശേഖർ. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.
ശേഖറിന്റെ സുഹൃത്ത് ഗോലു, നാട്ടുകാരായ സാഗർ ഝാ, അരുണ്‍ പാണ്ഡെ എന്നിവർക്കാണ് പരിക്കേറ്റത്.ആദിത്യപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിത്യപൂർ ഇൻഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫുഡ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാത്രി പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
ശേഖറും സുഹൃത്ത് ഗോലുവും ഭക്ഷണശാലയില്‍ എത്തി റോള്‍ ഓർഡർ ചെയ്തു. ഓർഡർ ലഭിക്കാൻ വൈകിയതോടെ ശേഖർ കടയുടമയുമായി വാക്കുതർക്കത്തിലായി. ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടതോടെ കടയുടമയും ജീവനക്കാരും ചേർന്ന് ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷം തടയാൻ ശ്രമിച്ച സാഗർ ഝായ്ക്കും അരുണ്‍ പാണ്ഡെയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു.പരിക്കേറ്റ നാലുപേരെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശേഖറിനെ ജംഷഡ്പൂരിലെ ടാറ്റ മെയിൻ ആശുപത്രിയിലേക്ക് (ടിഎംഎച്ച്) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.jpg)


