പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, മൂന്നു കുഞ്ഞുങ്ങളുടെ അമ്മയെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തി യുവാവ്

bengaluru murder

ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് അഫീസ് ഫിര്‍ദൗസ് ബാനുവിനെ വീട്ടിന് സമീപം തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് ആക്രമിച്ചത്.

ബെംഗളൂരു ഗംഗോണ്ടനഹള്ളിയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അഫീസിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു കുട്ടികളുടെ അമ്മയായ ഫിര്‍ദൗസ് ബാനു എന്ന യുവതിയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഫീസിനെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ഇന്ന് രാവിലെയാണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ഇന്നലെ മുതല്‍ അന്വേഷണം ഊര്‍ജിതമാക്കായിരുന്നു. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് അഫീസ് ഫിര്‍ദൗസ് ബാനുവിനെ വീട്ടിന് സമീപം തടഞ്ഞുനിര്‍ത്തി കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫിര്‍ദൗസ് ബാനു തത്ക്ഷണം മരിച്ചു. തന്നെ നിരന്തരം പിന്തുടര്‍ന്നിരുന്ന അഫീസിനെതിരെ യുവതി നേരത്തെ ചന്ദ്രാ ലേഔട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നതായും പൊലീസ് അറിയിച്ചു. എന്നാല്‍ ഇതിനുശേഷവും പ്രണയാഭ്യര്‍ത്ഥനയുമായി ഇയാള്‍ നിരന്തരം ഫിര്‍ദൗസിനെ ശല്യം ചെയ്തിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴി നല്‍കി. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അഫീസ് അവിവാഹിതനാണ്. ഫിര്‍ദൗസ് ബാനുവിനെ മൂന്ന് മക്കളുണ്ട്. ഫിര്‍ദൗസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Tags