പിഎസ് സി പരീക്ഷയില്‍ റാങ്ക്‌നേടിയ കാമുകി ഒഴിവാക്കുമെന്ന ഭയം,പരാതി നല്‍കി യുവാവ്; മഹാരാഷ്ട്രയില്‍ ചോദ്യപേപ്പര്‍ചോര്‍ച്ച പുറത്ത്
24കാരനായ ഗൗരവ് പാട്ടീലെന്ന യുവാവാണ് പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാട്ടി പിഎസ്സിക്ക് പരാതി നല്‍കിയത്. ഇയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
മഹാരാഷ്ട്ര പിഎസ്എസി ഡ്രഗ് ഇന്‍സ്പെക്ടര്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ വഴിത്തിരിവ്. അന്വേഷണത്തില്‍ പരാതിക്കാരന്‍ തന്നെ കേസിലെ പ്രതികളില്‍ ഒരാളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. 24കാരനായ ഗൗരവ് പാട്ടീലെന്ന യുവാവാണ് പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാട്ടി പിഎസ്സിക്ക് പരാതി നല്‍കിയത്. ഇയാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ ഋതുജയെന്ന ഉദ്യോഗാര്‍ത്ഥിയുടെ പിതാവ് അമൃത് പാട്ടീല്‍, പിഎസ്സി ഉദ്യോഗസ്ഥരില്‍ നിന്നും മധ്യസ്ഥന്‍ വഴി ചോദ്യപേപ്പര്‍ സംഘടിപ്പിച്ചു. നന്ദുര്‍ബാര്‍ എന്ന സ്ഥലത്ത് കോച്ചിങ് സെന്റര്‍ നടത്തുന്ന പ്രവീണ്‍ പാട്ടീലായിരുന്നു ഇടനിലക്കാരന്‍. പിഎസ്സി ഉദ്യോഗസ്ഥര്‍ക്ക് ഇതിനായി അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി പ്രവീണ്‍ വഴി നല്‍കി. ചോദ്യപേപ്പര്‍ ലഭ്യമായ ശേഷം മുഴുവന്‍ തുകയായി 12 ലക്ഷം കൈമാറാം എന്നായിരുന്നു വാഗ്ദാനം. പ്രവീണിന് ഉദ്യോഗസ്ഥര്‍ നല്‍കിയ ചോദ്യപേപ്പര്‍ പാട്ടീലിന് ലഭിക്കുകയും, അയാള്‍ അത് മകള്‍ക്ക് കൈമാറുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടി ഈ ചോദ്യപേപ്പര്‍ കാമുകനായ ഗൗരവ് പാട്ടീലിന് വാട്സ്ആപ്പില്‍ അയച്ചു നല്‍കി.
പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഋതുജ ഏഴാം റാങ്കോടെ പാസായി. എന്നാല്‍ ഗൗരവ് പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രണയബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ കാമുകി തന്നെ എന്നന്നേക്കുമായി ഒഴിവാക്കുമെന്ന ഭയത്തില്‍ മഹാരാഷ്ട്ര പിഎസ്സിക്ക് ഇമെയില്‍ വഴി യുവാവ് പരാതി നല്‍കി. ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയിക്കുന്നു എന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ പരാതി പിന്‍വലിക്കാനുള്ള നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.
അന്വേഷണത്തില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യാവലികളില്‍ നിന്നും അനധികൃതമായി ചോദ്യങ്ങള്‍ നീക്കം ചെയ്താണ് പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ എംപിഎസ്സി അസി. റൂം ഓഫീസര്‍മാരായ വിശ്വേശ്വര്‍ ദത്താത്രയ നകാതേ, ഗോപാല്‍ ഭട്ടു മറാതെ, അണ്ടര്‍ സെക്രട്ടറി അഭിജീത്ത് ഗണപത്രാവു ലെന്‍ത്വേ, പരാതിക്കാരന്‍ ഗൗരവ് പാട്ടീല്‍, ഇയാളുടെ കാമുകിയുടെ പിതാവ് അമൃത് പാട്ടീല്‍, കോച്ചിങ് സെന്റര്‍ ഡയറക്ടര്‍ പ്രവീണ്‍ ദിലീപ് പാട്ടീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്തംബര്‍ 2 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ പരീക്ഷ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 12നായിരുന്നു പരീക്ഷാഫലം പുറത്തുവിട്ടത്. 506 പേര്‍ അഭിമുഖത്തിനായി യോഗ്യത നേടി. ജൂലായ് 1നും ജൂലായ് 22നും നടന്ന അഭിമുഖത്തില്‍ 488 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ജൂലായ് 22നും 26നും ഇടയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പിഎസ്സിക്ക് ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇവ പ്രചരിച്ചിരുന്നെന്നും ആരോപണമുണ്ട്. പുനഃപരീക്ഷ ഉടന്‍ തന്നെ നടത്തുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷയോ അധികമായി ഫീസോ നല്‍കേണ്ടെന്നും എംപിഎസ്സി അറിയിച്ചിട്ടുണ്ട്.
.jpg)

