വിവാഹ ചടങ്ങില്‍ വച്ചുള്ള പരിചയം, ഒരു വര്‍ഷത്തോളം അശ്ലീല ദൃശ്യമയച്ച് ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തി യുവതി

arrest

സഹോദരന്റെയും ഭര്‍ത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം.

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി യുവതി. സഹോദരന്റെയും ഭര്‍ത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൂവരും ചേര്‍ന്ന് യുവാവിന്റെ മൃതദേഹം കത്തിച്ചു കളയുകയായിരുന്നു. ഒരു സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന, ബസവനഗൗഡ പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിയാറുകാരനാണ് ഇയാള്‍. സംഭവത്തില്‍ ശ്വേത, ഭര്‍ത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരന്‍ വിജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ പരിചയം. ആ പരിചയം മുതലെടുത്ത് നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച യുവാവിനെയാണ്, യുവതി ഭര്‍ത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. ഈ മാസം ഏഴിന്, പാതി കത്തിയ നിലയില്‍, ശിവപുര താന്പ്രഹള്ളി എല്‍എല്‍സി കനാലിന് സമീപം, മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ്, പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ബസവന ഗൗഡയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍, ഇയാള്‍ ശ്വേത ഉള്‍പ്പെടെ പല സ്ത്രീകള്‍ക്കും, അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചതായി കണ്ടെത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിന് ഇവരെ നിര്‍ബന്ധിക്കുന്ന ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.

ഒരു വര്‍ഷത്തോളമായുള്ള നിരന്തര ശല്യപ്പെടുത്തലിനൊടുവില്‍ ശ്വേത, ഭര്‍ത്താവിനെയും സഹോദരനെയും വിവരമറിയിച്ചതോടെയാണ്, മൂവരും ചേര്‍ന്ന് ബസവന ഗൗഡ പാട്ടീലിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ജൂണ്‍ 6ന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്, ശ്വേത പാട്ടീലിനെ ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവിടെ കാത്തു നിന്ന ഭര്‍ത്താവ് ദൊഡ്ഡ ബസവന ഗൗഡയും സഹോദരന്‍ മുരളിയും, ഇയാളെ കയര്‍ കൊണ്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ മൃതദേഹം കയറ്റി കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags