കാമുകിയെ കൊലപ്പെടുത്തിയ ശേഷം എഐ എന്‍ജിനീയറായ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

death

ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു യുവാവും യുവതിയും ജോലി ചെയ്തിരുന്നത്.

ഹരിയാനയിലെ ഗുരുഗ്രാമില്‍ കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എഐ എന്‍ജിനീയറായ 25കാരനാണ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഗുരുഗ്രാമിലെ തന്റെ താമസ സ്ഥലത്തുവെച്ചായിരുന്നു യുവതിയെ യുവാവ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു യുവാവും യുവതിയും ജോലി ചെയ്തിരുന്നത്. യുവതിയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സെക്ടര്‍ 56 പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് യുവാവിന്റെ താമസ സ്ഥലത്ത് എത്തി. മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ഇതിനിടെ ഗാര്‍ഹി റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കില്‍ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ട്രെയിന്‍ ഇടിച്ച് ശരീരം രണ്ടായി വേര്‍പ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഇതിന് സമീപത്തുനിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് യുവാവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തി.

സംഭവത്തിന് മൂന്ന് ദിവസം മുന്‍പായിരുന്നു യുവതി കാമുകനൊപ്പം താമസിക്കുന്നതിന് എത്തിയത്.ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം അടക്കം ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags