മരിച്ചെന്ന് കരുതി സംസ്കരിച്ചു; ദിവസങ്ങൾക്കുശേഷം ജീവനോടെ വീട്ടിലെത്തി 45കാരൻ

Death due to boat capsizing in Puthukurichi; A fisherman died

റാഞ്ചി: മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ജാർഖണ്ഡിലാണ് ഈ സംഭവം നടന്നത്. 45-കാരനായം വിശ്രാം മുണ്ടയാണ് വീട്ടുകാർക്ക് അദ്ഭുതവും ഞെട്ടലുമുണ്ടാക്കി തിരിച്ചെത്തിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. 

കുടുംബാംഗങ്ങൾ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം വിശ്രാം മുണ്ടയുടേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു.

മൃതദേഹത്തിന്റെ ഉയരവും ശരീരപ്രകൃതിയും മുഖച്ഛായയും വിശ്രാം മുണ്ടയുമായി വളരെയധികം സാദൃശ്യമുള്ളതായിരുന്നു. ഇതിനാൽ വീട്ടുകാരും നാട്ടുകാരും അത് കാണാതായ വ്യക്തി തന്നെയെന്ന് ഉറപ്പിച്ചു. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും, ഗോത്രവർഗ്ഗ ആചാരപ്രകാരം അവർ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. 

എന്നാൽ, സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിശ്രാം മുണ്ട മകളുടെ വാടക വീട്ടിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായി ഇയാളെ ജീവനോടെ കണ്ട ബന്ധുക്കൾ ആദ്യം അമ്പരന്നു. ആരോടും പറയാതെ താൻ 70 കിലോമീറ്റർ അകലെയുള്ള രാംഗഢിലേക്ക് പോയതായിരുന്നുവെന്ന് വിശ്രാം കുടുംബത്തോട് പറഞ്ഞു. നിലവിൽ അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. ഇതിനായി മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Tags