സാമൂഹികമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി മമത

Cockroach Janata Party's X-account banned in India

കൊൽക്കത്ത: സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിക്ക് (സി.ജെ.പി.) തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പിന്തുണ അറിയിച്ചു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നടന്ന ആഭ്യന്തര അവലോകന യോഗങ്ങൾക്ക് ശേഷമാണ് ഇരുവരും സി.ജെ.പി.ക്ക് പിന്തുണ അറിയിച്ചത്. 'പോരാട്ടം തുടരാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇരുവരും. ഒപ്പം കോക്രോച്ച് ജനതാ പാർട്ടിയോടുള്ള തങ്ങളുടെ താൽപ്പര്യവും പിന്തുണയും അവർ പ്രകടിപ്പിച്ചു,' - ഡെറക് ഒബ്രയാൻ എക്സിൽ കുറിച്ചു.

ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജീത് ദീപ്‌കെ മേയ് 16-നാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പേജ് ആരംഭിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകളോട്' ഉപമിച്ചുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതെന്ന പേരിൽ പ്രചരിച്ച പരാമർശത്തോടുള്ള പ്രതിഷേധമായാണ് ഈ ഗ്രൂപ്പ് രൂപപ്പെട്ടത്. പാറ്റയെ തങ്ങളുടെ അടയാളമായി സ്വീകരിച്ച ഈ കൂട്ടായ്മ പരിഹാസരൂപേണയുള്ള മീമുകളിലൂടെയും പോസ്റ്റുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനശ്രദ്ധ നേടി. 'തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ ഇരിക്കുന്നവർ' തുടങ്ങിയ മാനദണ്ഡങ്ങളാണ് തമാശരൂപേണ ഇവർ തങ്ങളുടെ മെമ്പർഷിപ്പിനായി നിശ്ചയിച്ചിരുന്നത്.

സമീപകാലത്ത് നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കൂട്ടായ്മ സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കെതിരേ സർക്കാർ തലത്തിൽ നീക്കങ്ങൾ നടക്കുന്നതായി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. പല അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെടുകയും ഹാക്ക് ചെയ്യപ്പെടുകയും ചെയ്തതായും അദ്ദേഹം പരാതിപ്പെട്ടു. നിലവിൽ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ ആരംഭിച്ച പുതിയ എക്സ് അക്കൗണ്ടിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

Tags