പശ്ചിമ ബംഗാളിന്റെ സമാധാനം തകര്‍ക്കാനാണ് മമത ശ്രമിക്കുന്നത് ; എല്ലാ പാര്‍ട്ടികളും ബിജെപിയ്‌ക്കെതിരെ ഒന്നിക്കണമെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം

mamatha

മമതയുടെ ഈ ഐക്യ ആഹ്വാനം സംസ്ഥാനത്ത് അശാന്തി പടര്‍ത്താനുള്ള നീക്കമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ തൃണമൂല്‍ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ, ബിജെപിയെ നേരിടാന്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ബാനര്‍ജി ആഹ്വാനം ചെയ്തു. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ (എസ് ഐ ആര്‍) വഴി തന്റെ പാര്‍ട്ടിയെ അന്യായമായി പരാജയപ്പെടുത്തിയെന്നാണ് മമതയുടെ പ്രധാന ആക്ഷേപം. എന്നാല്‍ മമതയുടെ ഈ ഐക്യ ആഹ്വാനം സംസ്ഥാനത്ത് അശാന്തി പടര്‍ത്താനുള്ള നീക്കമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

'എല്ലാ പാര്‍ട്ടികളും ബിജെപിക്കെതിരെ ഒന്നിക്കണം, ഇതില്‍ എനിക്ക് വാശികളൊന്നുമില്ല' എന്ന് പറഞ്ഞ മമത വരാനിരിക്കുന്ന പോരാട്ടത്തില്‍ എല്ലാവരെയും കൂടെക്കൂട്ടുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. മമതയുടെ നീക്കത്തെ തീവ്ര കമ്മ്യൂണിസത്തിന്റെ പുതിയ രൂപമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഐക്യത്തിന്റെ പേരില്‍ മാവോയിസ്റ്റുകളെ പുനരുജ്ജീവിപ്പിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും പണ്ട് അധികാരം പിടിക്കാന്‍ മമത മാവോയിസ്റ്റ് സഹായം തേടിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. പഴയ സഖ്യകക്ഷിയായ കോണ്‍ഗ്രസും മമതയെ വിമര്‍ശിച്ചു. മുന്‍പ് സഖ്യത്തിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മമത ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags