ബിഹാറിൽ ഉൾപ്പെടെ വൻ ക്രമക്കേടുകൾ നടത്തിയാണ് ബി.ജെ.പി വലിയ വിജയങ്ങൾ നേടുന്നത് : മമത ബാനർജി

Mamata Banerjee
Mamata Banerjee

കൊൽക്കത്ത: ബംഗാളിന് പകരം ഗുജറാത്ത് അതാണ് ബി.ജെ.പിയുടെ വിലപേശലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഹാറിൽ ഉൾപ്പെടെ വൻ ക്രമക്കേടുകൾ നടത്തിയാണ് ബി.ജെ.പി വലിയ വിജയങ്ങൾ നേടുന്നതെന്നും മമത ആരോപിച്ചു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാൾ, തമിഴ് നാട്, അസം, കേരള സംസ്ഥാനങ്ങളിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണം(എസ്.ഐ.ആർ) നടപ്പാക്കുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ സ്ത്രീകൾക്ക് 10,000 രൂപ സ്റ്റൈപ്പന്റായി നൽകിയതിനെ കുറിച്ചും മമത രൂക്ഷ വിമർശനമുയർത്തി.

tRootC1469263">

ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് താനൊരു പ്രവചനം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമനാടായ ഗുജറാത്തിൽ ബി.ജെ.പി പരാജയപ്പെടാൻ പോവുകയാണെന്നും മമത പറഞ്ഞു. ബംഗാളിൽ വിജയിക്കാൻ വേണ്ടി ഗുജറാത്ത് അവർക്ക് വിട്ടുകൊടുക്കേണ്ടി വരുമെന്നും മമത എസ്.ഐ.ആറിനെതിരായ പ്രതിഷേധ മാർച്ചിൽ ആഞ്ഞടിച്ചു.

1990 മുതൽ ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കുകയാണ്. 2022ൽ കോൺഗ്രസിനെ നിലംപരിശാക്കി 182 സീറ്റുകളിൽ 156ഉം പിടിച്ചെടുത്താണ് അവർ അധികാരമുറപ്പിച്ചത്.

പശ്ചിമ ബംഗാളിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസാണ് ദീർഘകാലമായി ഭരിക്കുന്നത്. 2019ലെയും 2024ലെയും ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടി.എം.സിക്ക് തന്നെയായിരുന്നു മേൽക്കൈ. എന്നാൽ ഇത്തവണ മമതക്ക് അഗ്നി പരീക്ഷണമാണ്. ഡൽഹിയും ബിഹാറും പിടിച്ചെടുത്ത ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണ്. എന്തുവിലകൊടുത്തും അധികാരം നേടിയെടുക്കുക എന്നതാണ് ബംഗാളിൽ ബി.ജെ.പിയുടെ ലക്ഷ്യം.

Tags