ബിജെപി സർക്കാരിന് കീഴിൽ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസത്തിലേക്ക് ചുരുങ്ങി : മല്ലികാർജുൻ ഖാർഗെ

google news
Kharge

ബിജെപി സർക്കാരിന് കീഴിൽ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസത്തിലേക്ക് ചുരുങ്ങിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.  പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിക്കാത്ത നരേന്ദ്ര മോദി സർക്കാർ ഭരണഘടനാപരമായ ഔചിത്യത്തെ ആവർത്തിച്ച് അനാദരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. 

ദലിത്, ആദിവാസി വിഭാഗങ്ങളിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള മോദിയുടെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനേയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും ക്ഷണിച്ചിട്ടില്ല. രാഷ്ട്രപതി ഇന്ത്യയുടെ പ്രഥമ പൗരനാണെന്നും ഖാർഗെ ട്വിറ്ററിൽ കുറിച്ചു.

പാർലമെന്റ് രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സമിതിയാണെന്നും, രാഷ്ട്രപതി സർക്കാരിനെയും പ്രതിപക്ഷത്തെയും ഇന്ത്യയിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നുവെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്താൽ അത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

Tags