മല്ലികാർജുൻ ഖാർഗേക്കെതിരായ ജാതി അധിക്ഷേപം : രാഷ്ട്രപതിയെ കാണാൻ ദലിത് എംപിമാർ

Replacing Siddaramaiah is not in the party's plans right now; Siddaramaiah will continue in Karnataka, says Kharge

  ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗേക്കെതിരായ ജാതി അധിക്ഷേപത്തിൽ സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം. രാഷ്ട്രപതിയെ കാണാൻ 40 ഓളം ദലിത് എംപിമാർ സമയം തേടി. എന്നാൽ, ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

പട്ടിക ജാതി പട്ടിക വർഗ എംപിമാരുടെ ഫോറം രൂപീകരിച്ച ഇവർ ഡൽഹിയിൽ തുടരുകയാണ്. രാഷ്ട്രപതി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ ജന്തർ മന്തറിൽ വൻസമരത്തിനും നീക്കമുണ്ട്. ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം.

ഇന്നലെ സുപ്രധാനമായ മൂന്ന് യോഗങ്ങൾ എ.ഐ.സി.സി തീരുമാനിച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പാർലമെന്ററി നേതാക്കന്മാരുടെ യോഗവും വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗവും മാറ്റിവെച്ചെങ്കിലും ദലിത് എംപിമാരുടെ യോഗം നടത്തി. മല്ലികാർജുൻ ഖാർഗെക്ക് എതിരായ ജാതി അധിക്ഷേപം ദേശീയ അടിസ്ഥാനത്തിൽ തന്നെ വലിയ പ്രശ്നമായി ഉയർത്താനാണ് പാർട്ടി തീരുമാനം.

പട്ടികവർഗ വിഭാഗക്കാരിയായ രാഷ്ട്രപതി ഉള്ള രാജ്യത്ത് ദലിത് വിഭാഗം നേതാക്കന്മാർക്കെതിരെ ഏറ്റവും മോശം നീക്കങ്ങൾ ഉണ്ടാകുന്നത് തടയണം എന്നാണ് ദലിത് എം.പിമാരുടെ ആവശ്യം. മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച് കഴിഞ്ഞ ഉടൻ വേദിയിൽ ശുദ്ധികലശം നടത്തുകയും ഗംഗാജലം കൊണ്ട് കഴുകുകയും ചെയ്തത് ദലിത് വിഭാഗത്തിന് എതിരെയുള്ള കടന്നുകയറ്റമാണെന്നും ആത്മാഭിമാനത്തിന് മുറിവേൽപിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നു.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ഇന്നുകൂടി കാത്തിരിക്കാനാണ് തീരുമാനം. മുഴുവൻ പേരെയോ അല്ലെങ്കിൽ പ്രതിനിധികളായ നാലോ അഞ്ചോ പേരെയോ കാണാൻ അനുവദിക്കണമെന്നാണ് ആവശ്യം.

Tags