ആണ്‍സുഹൃത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു ; ഒളിവില്‍ കഴിഞ്ഞ ഇന്‍ഫ്ളുവന്‍സര്‍ ശ്രദ്ധ ദുബെ പിടിയില്‍
ശ്രദ്ധ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ശിവയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
ആണ് സുഹൃത്ത് മരണപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ഇന്‍ഫ്ലുവന്‍സര്‍ ശ്രദ്ധ ദുബെയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നാഗ്പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രദ്ധയുടെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് വ്യവസായി കൂടിയായ ശിവ മരിച്ചത്. ശ്രദ്ധ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ശിവയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രദ്ധ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസംഘവും നാഗ്പുര്‍ പൊലീസും ചേര്‍ന്നാണ് ശ്രദ്ധയെയും സഹോദരി രശ്മി ദുബെയെയും ഡ്രൈവര്‍ ഡാനിഷിനെയും പിടികൂടിയത്. മരണത്തിന് പിന്നാലെ മൂവരും ലഖ്നൗവില്‍ നിന്ന് നേപ്പാളിലേക്ക് കടന്നിരുന്നു. പിന്നീട് നേപ്പാളില്‍ നിന്ന് റായ്ബറേലി വഴി ആഗ്രയിലെത്തി. അവിടെനിന്ന് നാഗ്പൂരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ലഖ്നൗവിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
ലഖ്നൗവില്‍ നിരവധി റെസ്റ്റോറന്റുകളുടെ ഉടമയായിരുന്നു ശിവ ശര്‍മ. ശിവയുടെ മരണത്തിന് പിന്നാലെ അപകീര്‍ത്തിപ്പെടുത്തല്‍, ബ്ലാക്ക്മെയില്‍, കൊലപാതകം തുടങ്ങിയ ആരോപണങ്ങളുമായി ശ്രദ്ധയ്ക്കും സഹോദരിക്കുമെതിരെ ശിവയുടെ അമ്മ രംഗത്തെത്തിയിരുന്നു. അതേസമയം, ഒളിവിലായിരുന്ന സമയത്തും ശ്രദ്ധ സമൂഹമാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ പങ്കുവെച്ച് താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നു. ശിവ ആത്മഹത്യ ചെയ്തതാണെന്നാണ് ശ്രദ്ധയുടെ വാദം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ശിവ ചാടുന്നത് താന്‍ കണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും അവര്‍ പറഞ്ഞിരുന്നു.
ശിവയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും പണം തിരിച്ചടയ്ക്കാന്‍ കഴിയാത്തപക്ഷം ജീവനൊടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ശ്രദ്ധ പറയുന്നുണ്ട്. തങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ട് നാല് മാസം മാത്രമേ ആയിരുന്നുള്ളൂവെന്നും ശിവയുടെ അമ്മ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധ അവകാശപ്പെട്ടു. എന്നാല്‍, കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
.jpg)


