ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്തകുമാറിന് ഐക്യരാഷ്രസഭയുടെ സമാധാന പുരസ്‌കാരം

swathi

 ദില്ലി: ദക്ഷിണ സുഡാനിൽ സമാധാന പരിപാലനത്തിനായി നടത്തിയ സുപ്രധാന സേവനത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്തകുമാറിന് യുഎൻ അവാർഡ്. യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായാണ് മേജർ സ്വാതി ശാന്ത കുമാർ ദക്ഷിണ സുഡാനിലെത്തിയത്. ലിംഗഭേദമന്യ സമാധാന പരിപാലനത്തിനായി നടത്തിയ മികവുറ്റ സേവനം പരിഗണിച്ചാണ് അവാർഡ് നൽകിയത്.

tRootC1469263">

തുല്യ പങ്കാളികൾ, ശാശ്വത സമാധാനം എന്ന പേരിൽ സ്വാതി ശാന്തകുമാർ നടത്തിയ സമാധാന പദ്ധതിയെ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പ്രകീർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡം അനുസരിച്ച് സമാധാന ദൗത്യങ്ങളിൽ ലിംഗ സമത്വം ഉറപ്പാക്കി നടത്തുന്ന ശ്രമങ്ങൾക്ക് നൽകിവരുന്ന ഏറെ അഭിമാനകരമായ അവാർഡാണിത്. മേജർ സ്വാതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈനിക സംഘം മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തിയത്. തങ്ങളെ നിയോഗിച്ച മേഖലയിൽ ഏറ്റവും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിൻ്റെ പ്രവർത്തനം. ഇതിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി പരിഗണിച്ച അവസാന നാല് പേരിൽ ഒരാളായി മേജർ സ്വാതി. ആഗോളതലത്തിൽ യുഎൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ വോട്ടെടുപ്പിൽ മേജർ സ്വാതിക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

മേഖലയിൽ അയ്യായിരത്തിലധികം സ്ത്രീകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാൻ മേജർ സ്വാതിക്കും സംഘത്തിനും സാധിച്ചു. ഇതിനായി ഉൾപ്രദേശങ്ങളിലേക്കടക്കം നിരന്തരം ഇന്ത്യൻ സംഘം പട്രോളിങ് നടത്തിയിരുന്നു. പ്രാദേശിക തലത്തിൽ യുഎൻ ദൗത്യസംഘത്തിൽ ജനത്തിൻ്റെ വിശ്വാസം വളർത്താനും പിന്തുണ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സംഘർഷബാധിത മേഖലയിൽ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്കാണ് വഹിച്ചത്. ഇത് യുഎൻ ദൗത്യസംഘത്തിൻ്റെ ഭാവി ഇടപെടലുകൾക്കും നല്ല മാതൃകയായെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി.

Tags