പഞ്ചാബിൽ ഓടുന്ന തീവണ്ടിയിൽ വൻ തീപിടിത്തം; കർമഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾ കത്തിനശിച്ചു
അമൃത്സർ: പഞ്ചാബിൽ അമൃത്സറിന് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ വൻ തീപിടിത്തം. അമൃത്സറിനും പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്കും ഇടയിൽ സർവീസ് നടത്തുന്ന കർമഭൂമി എക്സ്പ്രസിലാണ് വെള്ളിയാഴ്ച വലിയ രീതിയിൽ അഗ്നിബാധ ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സരായ് ബജ്റ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചായിരുന്നു സംഭവം. ട്രെയിനിന്റെ അഞ്ചാമത്തെ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്.
തുടര്‍ന്ന് മിനിറ്റുകൾക്കകം അടുത്തുള്ള മറ്റ് മൂന്ന് കോച്ചുകളിലേക്കും തീ വേഗത്തിൽ പടരുകയായിരുന്നു. കോച്ചുകളിൽ നിന്ന് കനത്ത പുകയുയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അമൃത്സർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച് തൊട്ടടുത്ത സമയത്താണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
.jpg)

