സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് മഹുവ മൊയ്ത്ര

'Suvendu Adhikari has provided great support during difficult times in his political life'; Mahua Moitra

 ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ 17 ദിവസമായി നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാജ്യത്തെ യുവാക്കളെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിപ്പിക്കാൻ വാങ്ചുക്കിന് സാധിച്ചുവെന്നും അദ്ദേഹം തന്റെ ലക്ഷ്യം ഇതിനകം നേടിക്കഴിഞ്ഞുവെന്നും വ്യക്തമാക്കിയ മഹുവ, അദ്ദേഹത്തിന്റെ ജീവൻ രാജ്യത്തിന് വിലപ്പെട്ടതാണെന്നും അതിനാൽ സമരം അവസാനിപ്പിച്ച് പോരാട്ടം തുടരണമെന്നും ആവശ്യപ്പെട്ടു.

മഹുവക്ക് പുറമേ എഴുത്തുകാരി അരുന്ധതി റോയ്, നടൻമാരായ നസിറുദ്ദീൻ ഷാ, രത്ന പാഠക് ഷാ, സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ് തുടങ്ങിയ പ്രമുഖരും സമരക്കാർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന സമരക്കാരുടെ ആവശ്യത്തെ ഇവർ പൂർണമായി പിന്തുണക്കുന്നുണ്ടെങ്കിലും, സമരക്കാരുടെ ആരോഗ്യസ്ഥിതിയിൽ അവർ അതീവ ആശങ്ക പ്രകടിപ്പിച്ചു. ഇതൊരു ദീർഘകാല പോരാട്ടമാണെന്നും, വരും ദിവസങ്ങളിൽ വാങ്ചുക്കിന്റെ കരുത്തും നേതൃത്വവും ഈ സമരത്തിന് അത്യാവശ്യമാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.

നിരാഹാര സമരം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പേശികളുടെ അളവ് കുറയുകയും കടുത്ത ശാരീരിക വേദന അനുഭവപ്പെടുകയും ചെയ്യുന്ന വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ഉൾപ്പെടെയുള്ളവർ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, സമരക്കാരുമായി ചർച്ചക്ക് തയാറാകാത്ത അധികാരികളുടെ നിലപാടാണ് സമരത്തെ മുന്നോട്ട് നയിക്കുന്നതെന്ന് വാങ്ചുക്ക് മറുപടി നൽകി. 

Tags