നാഗ്പൂർ സംഘർഷം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയം : ഉവൈസി

Uwaisi
Uwaisi

ന്യൂഡൽഹി : മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ നടന്ന ഹിന്ദുത്വ അക്രമങ്ങളിൽ മഹാരാഷ്ട്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. അക്രമം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാരും രഹസ്യന്വേഷണ വിഭാഗവും പരാജയപ്പെട്ടെന്ന് ഉവൈസി കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറേ ആഴ്ചകളായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയത് പ്രകോപനപരമായ പ്രസ്താവനകളാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന ഉത്തരവാദിത്തം പോലും അവർ തിരിച്ചറിയുന്നില്ല. മഹാരാഷ്ട്രയിൽ ഒരു പ്രത്യേക ചക്രവർത്തിയുടെ കോലം കത്തിച്ചു. എന്നാൽ, ഒരു പ്രതികരണവും ബന്ധപ്പെട്ടവർ നടത്തിയില്ല.

തുണിക്കഷണത്തിൽ ഖുർആൻ വാക്യങ്ങൾ എഴുതി കത്തിച്ചു. ഈ സംഭവത്തെ തുടർന്ന് ഹിന്ദുക്കളും മുസ് ലിംകളും ഡി.സി.പിയോട് പരാതിപ്പെട്ടു. എന്നാൽ, ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അതിന് ശേഷമാണ് അക്രമം നടന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

അതേസമയം, നാഗ്പൂരിൽ ഹിന്ദുത്വ സംഘടനകൾ നടത്തിയ അക്രമങ്ങളിൽ വിക്കി കൗശലിന്‍റെ ‘ഛാവ’ സിനിയമയെ കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിയമസഭയിൽ പ്രതികരിച്ചത്. കലാപവും സംഘർഷങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഫട്നാവിസ് പറഞ്ഞു.

പ്രത്യേക വിഭാഗത്തിന്‍റെ വീടുകളും സ്ഥാപനങ്ങളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. വിക്കി കൗശൽ നായകനായ, ഛത്രപതി സംഭാജി മഹാരാജിന്‍റെ കഥ പറയുന്ന 'ഛാവ' സിനിമയാണ് സംഘർഷത്തിന് പ്രേരിപ്പിച്ചത്. ജനക്കൂട്ടം അക്രമത്തിൽ നിന്ന് പിന്തിരിയണമെന്നും ഫട്നാവിസ് ആവശ്യപ്പെട്ടു.

ഹിന്ദുത്വ സംഘടനകൾ നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 50 പേരെയാണ് അറസ്റ്റ് ചെയ്തത്. കല്ലേറിലും അക്രമത്തിലും നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷ മേഖലയിൽ സേനകളെ വിന്യസിച്ച അധികൃതർ നാഗ്പൂരിലെ ചില മേഖലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

Tags

News Hub